mony

കോട്ടയം : സി.ഡി.എമ്മിൽ നിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടെയിൽ രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടുമായി നാലുപേർ ഈരാറ്റുപേട്ടയിൽ പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ വെട്ടിക്കാട്ട് വീട്ടിൽ അൻവർ ഷാ (24), വലിയവീട്ടിൽ മുഹമ്മദ് ഫാറൂഖ് (24), കിഴിക്കാവ് വീട്ടിൽ ഫിറോസ് (23), ചെറിപ്പുറം വീട്ടിൽ അസ്ലാം (30) എന്നിവരെയാണ് അറസ്റ്റിലായത്. സാധാരണ നോട്ടുകളും ഇതോടൊപ്പം നിക്ഷേപിച്ചിരുന്നു. സി.ഡി.എം ബ്ളോക്കായി അറിയിപ്പ് വന്നതിനെ തുടർന്ന് ഫെഡറൽ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരാളുടെ വീട്ടിൽ നിന്ന് 500 രൂപയുടെ 448 നോട്ടുകൾ പിടിച്ചെടുത്തു. പാലാ ഡിവൈ.എസ്.പി കെ.സദന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കള്ളനോട്ടിന്റെ ഉറവിടം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.