142 വർഷം പിന്നിട്ട കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റും വൈ.എം.സി.എ ,രാമവർമ്മ യൂണിയൻ ക്ലബ്ബ് മുൻ പ്രസിഡന്റുമായ എബ്രഹാം ഇട്ടിച്ചെറിയ കോട്ടയം 2049ൽ ശതാബ്ദിആഘോഷിക്കുമ്പോൾ എങ്ങനെ ആയിരിക്കണമെന്നുള്ള കാഴ്ചപ്പാട് കേരളകൗമുദിയോട് പങ്കിടുന്നു .
ആധുനിക കോട്ടയത്തിന്റെ സൃഷ്ടാവെന്നു വിശേഷിപ്പിക്കാവുന്ന ദിവാൻ പേഷ്കാർ ടി. രാമറാവു നടപ്പാക്കിയ പദ്ധതികൾക്കപ്പുറം കാര്യമായ വികസന പദ്ധതികളൊന്നും കോട്ടയത്ത് 75 വർഷത്തിനുള്ളിൽ ഉണ്ടായിട്ടില്ല .
കായിക രംഗത്ത് തളർച്ച
ഒളിമ്പ്യൻ സാലി, മീരാ സാഹിബ്, കമറുദ്ദീൻ, ഇക്ബാൽ തുടങ്ങിയ കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത കോട്ടയത്തിന് ഇന്നു മേനി പറയാൻ ഒരുകായിക താരമില്ല. നിരവധി ദേശീയ കായിക മത്സരങ്ങൾ നടന്നിട്ടുള്ള കോട്ടയത്ത് നല്ലൊരു സ്റ്റേഡിയവുമില്ല.
അക്ഷര നഗരി ഉറക്കത്തിൽ
സാഹിത്യപ്രവർത്തക സഹകരണ സംഘം രാജ്യത്തിന് മാതൃകയായിരുന്നു. എഴുത്തുകരുടെ വൻനിര കോട്ടയത്തുണ്ടായിരുന്നു. 142 വർഷം പിന്നിട്ട കോട്ടയം പബ്ലിക് ലൈബ്രറി മാത്രമാണ് സാംസ്കാരിക പരിപാടികൾ നടത്താൻ ഇപ്പോഴുള്ളത്..
വലിയ റോഡു വികസനമോ ജലഗതാഗത സംവിധാനമോ ഉണ്ടായിട്ടില്ല. കച്ചേരിക്കടവ് ജട്ടി പായൽ നിറഞ്ഞു ബോട്ടടുക്കാത്ത അവസ്ഥയിലാണ്.
ചന്തക്കടവും ഓർമയായി. ഇന്ന് കടവ് റോഡായി. പുതുതായ് ഉണ്ടായത് ഒരു കിലോമീറ്റർ താഴെ നീളമുള്ള എം.ജി റോഡും ശാസ്ത്രി റോഡും കുര്യൻ ഉതുപ്പ് റോഡും മാത്രമാണ്. തങ്ങളുടെ മണ്ഡലത്തിൽ കൊണ്ടു വന്ന ചില്ലറ വികസനത്തിനപ്പുറം വൻ വികസന പദ്ധതികൾ കോട്ടയത്ത് കൊണ്ടുവരാൻ ഒരു നേതാവ് ഉണ്ടായില്ല.
ഗതാഗതകുരുക്ക് അഴിക്കാൻ ശാസ്ത്രീയ സംവിധാനമില്ല, വ്യവസായ സ്ഥാപനങ്ങൾ ഉണ്ടായിരുന്നത് പൂട്ടി. പുതിയവ ഉണ്ടായതുമില്ല, കൃഷി ഉപേക്ഷിച്ചവരുടെ എണ്ണം കൂടി. കുറേ ഫ്ലാറ്റുകളാണ് ആകെ ഉണ്ടായത്
ടൂറിസം ഹബാകണം
ആലപ്പുഴയും കുമരകവും ഹൈറേഞ്ചും ബന്ധപ്പെടുത്തിയുള്ള ടൂറിസ വികസന ഹബായി കോട്ടയം മാറണം. വാട്ടർ ട്രാൻസ് പോർട്ട് കൂടുതൽ പ്രയോജനപ്പെടുത്തണം. കോടിമത മൊബിലിറ്റി ഹബ് യാഥാർത്യമാക്കണം. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കിയാൽ ശതാബ്ദി വർഷത്തിലെങ്കിലും ചൂണ്ടിക്കാണിക്കാം.