hospital

പൊൻകുന്നം: ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്നത് സത്യം. പക്ഷേ അതിന്റെ പേരിൽ ആശുപത്രി കാന്റീൻ കാലങ്ങളോളം അടച്ചിടുന്നതിനെ ന്യായീകരിക്കാനാവില്ല. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനാണ് നാളുകളായി അടച്ചിട്ടിരിക്കുന്നത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം വാങ്ങാൻ ആശുപത്രിക്ക് മുന്നിലെ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരുമൊക്കെ ശരിക്കും പെട്ട അവസ്ഥയിലാണ് ഇപ്പോൾ. ഒരു ചായ കുടിക്കണമെങ്കിൽ നാനൂറ് മീറ്ററോളം നടന്നുപോകേണ്ട അവസ്ഥയാണ്. കാന്റീൻ അടച്ചുപൂട്ടിയപ്പോൾ പകരം സംവിധാനം ഏർപ്പെടുത്താൻ ആശുപത്രി വികസന സമിതിയും ശ്രദ്ധിക്കുന്നില്ലായെന്ന് ആക്ഷേപമുണ്ട്.

നേരത്തെ നനഞ്ഞൊലിച്ച് ദ്രവിച്ച് വീഴാറായ കെട്ടിടത്തിലായിരുന്നു കാന്റീൻ പ്രവർത്തിച്ചിരുന്നത്. നിരവധി പരാതികൾക്കൊടുവിൽ ആശുപത്രിവളപ്പിൽ തന്നെ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് കാന്റീൻ പ്രവർത്തനം തുടങ്ങിയിട്ട് അധികകാലമായില്ല. അതിനിടെയാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതും കാന്റീൻ പൂട്ടാൻ നിർദ്ദേശം നൽകിയതും. വിശദമായ പരിശോധനകൾക്കും അന്വേഷണങ്ങൾക്കുംശേഷം ആരോഗ്യവകുപ്പാണ് ഇക്കാര്യത്തിൽ അന്തിമ വിധി പറയേണ്ടത്. വിധി പരിശോധിച്ചതിനുശേഷം ചിറക്കടവ് ഗ്രാമപഞ്ചായത്താണ് കാന്റീൻ തുറക്കാനുള്ള അനുമതി നൽകേണ്ടത്.

ഇപ്പോൾ കാന്റീൻ നടത്തുന്ന കരാറുകാരന് 2025 മാർച്ച് വരെ കാലാവധിയുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വൃത്തിയുള്ള ഭക്ഷണം ലഭിക്കണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഒന്നുകിൽ നിലവിലുള്ള കരാറുകാരന് ഒരവസരം കൂടി നൽകുകയോ അല്ലെങ്കിൽ നിലവിലെ കരാർ റദ്ദാക്കി പുതിയൊരു കരാറുകാരനെ കാന്റീൻ ചുമതല ഏൽപ്പിക്കുകയോ വേണം. ഇടവേളകളിൽ ആവശ്യമായ പരിശോധന നടത്തി വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പും ശ്രദ്ധിക്കണം. ക്രമക്കേട് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതോടൊപ്പം രോഗികളെയും കൂട്ടിരിപ്പുകാരെയും ആശുപത്രി ജീവനക്കാരെയും വെട്ടിലാക്കുന്ന സമീപനം സ്വീകരിക്കാതിരിക്കുകയും വേണം.

കാന്റീൻ സേവനം ഉടൻ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.എസ്.ഡി.എസ്‌ സംസ്ഥാന കമ്മറ്റി അംഗം അനീഷ് ചാക്കോ, താലൂക്ക് പ്രസിഡന്റ് പീറ്റർ ജെയിംസ്, താലൂക്ക് സെക്രട്ടറി പ്രമോദ് സി. എസ്. എന്നിവർ ആശുപത്രി സൂപ്രണ്ടിനും അധികാരികൾക്കും നിവേദനം നൽകിയിട്ടുണ്ട്.