പാലാ: ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ഏറെ അപകടമേഖലയായിരുന്ന പുലിയന്നൂർ പാലത്തിലെ ഡിവൈഡർ പൊളിച്ചു നീക്കി. അപകടങ്ങളും അപകട മരണങ്ങളും പതിവായതോടെ ഇവിടെ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഡിവൈഡർ പൊളിച്ചു നീക്കി വീതി പരിശോധിച്ച ശേഷം ഗതാഗതം പുനക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പാലാ ബൈപ്പാസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ അരുണാപുരം മരിയൻ ജംഗ്ഷനിൽ നിന്നും പുലിയന്നൂർ പാലത്തിന് തൊട്ടുമുമ്പ് ഹൈവേയിലേക്ക് പ്രവേശിച്ചാണ് കോട്ടയം ഭാഗത്തേക്ക് യാത്ര തുടരുന്നത്. അതേസമയം തന്നെ കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് സെന്റ് തോമസ് കോളേജ് ഭാഗത്തേക്കും ഇതേ പാലത്തിലൂടെ തന്നെയാണ് തിരിഞ്ഞു പോകുന്നത്.
രണ്ട് പാലങ്ങളുടെ നടുവിലായുള്ള ഡിവൈഡർ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് നിർമ്മിച്ചിരുന്നത്. ഇതുമൂലം പാലം ജംഗ്ഷൻ ഇടുങ്ങിയ രീതിയിലായിരുന്നു.
മാസങ്ങൾക്ക് മുമ്പ് കോളേജ് വിദ്യാർത്ഥി ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. തുടർന്ന് മാണി സി. കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി, പൊലീസ്, ഗതാഗതം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് നാറ്റ് പാക്കിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ പരിഹാര നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
അരുണാപുരം ഗസ്റ്റ് ഹൗസിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാലാ നിയോജകമണ്ഡലം പി.ഡബ്ല്യു.ഡി മോണിറ്ററിംഗ് കമ്മറ്റി യോഗത്തിൽ വച്ച് ഡിവൈഡർ പൊളിച്ച് മാറ്റുന്നതിന് തീരുമാനിക്കുകയായിരുന്നു.
ഡിവൈഡർ പൊളിച്ചു നീക്കുന്ന ഭാഗം ടാർ മിക്‌സ് ഉപയോഗിച്ച് റോഡ് ലെവൽ ചെയ്യും . ഇതോടെ ജംഗ്ഷനിലെ അപകടങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നാറ്റ് പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും എം.എൽ.എ. അറിയിച്ചു.