ചങ്ങനാശേരി: ആളും ആരവും നിറഞ്ഞ ചങ്ങനാശേരി ബോട്ട് ജെട്ടി. നിരനിരയായി എത്തുന്ന ചരക്കുവള്ളങ്ങൾക്ക് പുറമേ യാത്രാ ബോട്ടുകളും.... ഇന്നലെകളിലെന്നപോലെ ഈ കാഴ്ചകൾ വർഷങ്ങൾ പിന്നിട്ടിട്ടും ചങ്ങനാശേരിക്കാരുടെ മനസിലുണ്ട്. പഴയ പ്രതാപമില്ലെങ്കിലും ജലഗതാഗതരംഗത്തും വിനോദസഞ്ചാരമേഖലയിലും അഞ്ചുവിളക്കിന്റെ നാടിന് വലിയ സാധ്യതകളുണ്ട്. ആ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് പ്രധാനം. കോട്ടയം-ചങ്ങനാശേരി ബോട്ട് റൂട്ടിൽ ചരക്ക് ഗതാഗതം കൊണ്ടുവരാൻ നടപടി സ്വീകരിക്കുമോ എന്ന അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയുടെ ആവശ്യത്തോട് പരിശോധിക്കാം എന്ന മന്ത്രി വി.എൻ വാസവന്റെ മറുപടി പ്രതീക്ഷ നൽകുന്നതാണ്.
പദ്ധതികൾ വേണം, മാറ്രം വരട്ടെ
ചങ്ങനാശേരിയിലെ കനാലുകളുടെ ഉൾപ്പെടെ ആഴംകൂട്ടിയാൽ വികസനസാധ്യതകൾ തുറക്കും. ജലപാതകൾ വിനോദസഞ്ചാരത്തിനും ചരക്കുനീക്കത്തിനും ഉപയോഗിക്കാൻ ഇപ്പോഴും സാധിക്കും. ചരക്കുനീക്കത്തിനായി ബാർജ് സർവീസുകൾക്കുള്ള പദ്ധതി ആവിഷ്‌കരിച്ചാൽ സംരംഭകർക്കും വ്യവസായികൾക്കും അത് പ്രയോജനപ്പെടുത്താം. ബാർജ് സർവീസുകൾ മേഖലയിലെ നെൽകർഷകർക്കും ഉപയോഗപ്പെടുത്താൻ കഴിയും. മുമ്പ് എറണാകുളത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് പെട്രോളിയം ഉത്പന്നങ്ങൾ ഉൾപ്പെടെ ജലമാർഗമാണ് എത്തിച്ചിരുന്നത്.
തിരിച്ചടിയാണ്
എല്ലാ ബഡ്ജറ്റിലും കനാലുകളുടെ ആഴംകൂട്ടലിനായി ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല.
പാലങ്ങൾ ഉയർത്തണം
ചങ്ങനാശേരി-ആലപ്പുഴ,ചങ്ങനാശേരി-കോട്ടയം ജലപാതകളിലെ ഉയരം കുറഞ്ഞ പാലങ്ങൾ ജലഗതാഗത്തിന് വെല്ലുവിളികളാണ്. പാലങ്ങൾ ഉയർത്തണമെന്ന് മുൻപ് പലവട്ടം ആവശ്യം ഉയർന്നെങ്കിലും തുടർനടപടി സ്വീകരിച്ചില്ല.
കാവാലിക്കരയും, പണ്ടകശാലക്കടവും
അധികമാർക്കും അറിയാത്ത സുന്ദരമായ ഗ്രാമമാണ് കാവാലിക്കര. ബോട്ട്‌ജെട്ടിയിൽ നിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയിലെ പ്രധാന ആകർഷണമാണ് കാവാലിക്കര. ബോട്ട്‌ജെട്ടിയിൽ നിന്ന് കാവാലിക്കരയിലേക്കും പണ്ടകശാലക്കടവിലേക്കും ചെറുവള്ളങ്ങളും ബോട്ടുകളും ക്രമീകരിച്ചാൽ ഉൾനാടൻ ടൂറിസത്തിന് മുതൽകൂട്ടാകും.വർഷങ്ങൾക്ക് മുമ്പ് കേവ് വള്ളങ്ങളും കൊച്ചുവള്ളങ്ങളും തുടർച്ചയായി എത്തിയിരുന്ന പ്രദേശമാണ് പാണ്ടകശാലക്കടവ്. പടിഞ്ഞാറൻ പാടങ്ങളിൽ നിന്നുള്ള നെല്ല് കുത്തി അരിയാക്കുന്നതിനായി പത്തിലധികം മില്ലുകളാണ് ചങ്ങനാശേരി ബോട്ട്‌ജെട്ടി, അറുപതിൽ തോട്, പണ്ടകശാലകടവ് പ്രദേശങ്ങളിലായി പ്രവർത്തിച്ചിരുന്നത്. നിലവിൽ നഗരസഭയുടെ നേതൃത്വത്തിൽ പണ്ടകശാലക്കടവ് തോട് പോളനീക്കി ആഴംകൂട്ടിയിട്ടുണ്ട്.