sss

കോട്ടയം: ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധന ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. വർഷകാലത്ത് സാധാരണ ഉണ്ടാകാറുള്ള വൈറൽ പനിയാണ് ഭൂരിഭാഗവും എന്നാണ് പരിശോധന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. 2024 ജൂണിൽ പനിബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 8406 ആണ്. ഇത് മുൻ വർഷം 14316 ആയിരുന്നു.

ശ്രദ്ധിക്കുക

പനിയുള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം, ജലദോഷം ബാധിച്ചവർ മാസ്‌ക് ഉപയോഗിക്കണം, തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടണം. അടിക്കടി കൈകൾ കഴുകുന്നത് പകർച്ചവ്യാധികൾ പകരുന്നത് തടയും. പനിയുണ്ടേൽ ഡോക്ടറെ കണ്ടു ചികിത്സ നേടുകയും ആവശ്യത്തിന് വിശ്രമിക്കുകയും നന്നായി വെള്ളം കുടിക്കുകയും വേണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ എല്ലാവരും ശ്രദ്ധപുലർത്തണം.

സർവ്വ സജ്ജം

ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമരുന്നുകൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവ ലഭ്യമാണ്. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, കുറവിലങ്ങാട് തുടങ്ങിയ പ്രധാന ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകളും പനി വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.