ചങ്ങനാശേരി : നഗരസഭയുടെ 2024-25 സാമ്പത്തിക വർഷത്തിലെ എല്ലാ മാസത്തിലെയും ആദ്യ ബുധനാഴ്ചകളിൽ അദാലത്ത് നടത്തി തീരുമാനമാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കൽ പദ്ധതിക്ക് തുടക്കമായി. നഗരസഭാ കൗൺസിൽ ഹാളിൽ ചെയർപേഴ്‌സൺ ബീന ജോബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ കെ.എം നജിയ, പ്രിയാ രാജേഷ്, കക്ഷി നേതാക്കളായ ജോമി ജോസഫ്, സന്തോഷ് ആന്റണി, പ്രസന്ന കുമാരി, ടെസ്സ വർഗീസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രാജു ചാക്കോ, മുനിസിപ്പൽ സെക്രട്ടറി സജി എൽ.എസ്, മുനിസിപ്പൽ എൻജിനീയർ സുരേഷ് കുമാർ, ഡെപ്യൂട്ടി സെക്രട്ടറി റഫീക്ക് ബി എന്നിവർ പ്രസംഗിച്ചു. 162 അപേക്ഷകളാണ് അദാലത്തിൽ പരിഗണനയ്ക്ക് എടുത്തത്. ഹാജരായവരിൽ 30 ശതമാനം കേസുകൾ തീർപ്പാക്കുകയും ബാക്കിയുള്ളതിൽ 30 ശതമാനം ജില്ലാ ടൗൺ പ്‌ളാനറുടെ അനുമതിയ്ക്കായി അയയ്ക്കുകയും ചെയ്തു. രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് 40 ശതമാനം കേസുകൾ തീർപ്പാക്കുന്നതിന് ധാരണയായി. രണ്ടാമത്തെ അദാലത്ത് ആഗസ്റ്റ് 7 ബുധനാഴ്ച നടക്കുന്നതാണെന്ന് ചെയർപേഴ്‌സൺ ബീനാ ജോബിയും വൈസ് ചെയർമാൻ മാത്യൂസ് ജോർജും അറിയിച്ചു.