hair

പാലാ: കണ്ണനും കാളിദാസനും രോഹിത്തുമൊക്കെ മുടി നീട്ടിവളർത്തുന്നത് ഫാഷനിലല്ല. ഇവരുടെ നീണ്ട മുടിക്ക് കാരുണ്യത്തിന്റെ കണ്ണഴകാണ്. ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകുന്ന കേശദാനക്കാരാണിവർ. ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാമത് കേശദാന ക്യാമ്പിലാണ് കാളിദാസ് എസ്.നായരും, കെ.കെ.കണ്ണനും, പി.എസ്.രോഹിത്തുമൊക്കെ പങ്കെടുത്തത്. 30ൽ താഴെ പ്രായമുള്ള ഇവരെല്ലാം മുടി നീട്ടിവളർത്തിയവരാണ്. ഇവർക്കൊപ്പം സാന്ദ്ര, രശ്മി, അൻഷ, സുനു, അനാമിക എന്നിവരും മുടി വിഗ് നിർമ്മാണത്തിനായി ദാനം ചെയ്തു. സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ കെ.എം.മാണി മെമ്മോറിയൽ ജനറൽ ആശുപത്രി കേന്ദ്രീകരിച്ചാണ് കേശദാന ക്യാമ്പുകൾ. മുടി ശേഖരിച്ച് തൃശൂരിലെത്തിച്ച് വിഗുകൾ തയാറാക്കി തിരികെ ജനറൽ ആശുപത്രിയിലെ ക്യാൻസർ വിഭാഗത്തിൽ ഏൽപ്പിക്കും. ചികിത്സയിലിരിക്കെ മുടി നഷ്ടപ്പെടുന്ന സ്ത്രീകൾക്ക് സൗജന്യമായി വിഗുകൾ നൽകും.

4 മാസം 26 വിഗുകൾ

നാല് മാസത്തിനിടെ 26 ആളുകൾക്ക് വിഗ് നൽകിയതായി ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി മഹേഷ് പി.രാജു പറഞ്ഞു. ഓരോ ക്യാമ്പിലും 15 നും 40 നുമിടയിൽ ആളുകൾ കേശദാനം നടത്താനായി മുന്നോട്ടുവരുന്നുണ്ട്. ജനറൽ ആശുപത്രിയിലെ ക്യാൻസർ വിഭാഗത്തിലെ ഡോക്ടർ ശബരിനാഥ്, ആർ.എം.ഒ. ഡോ.രേഷ്മ സുരേഷ്, നഴ്‌സിംഗ് ഡപ്യൂട്ടി സൂപ്രണ്ട് ആർ.ഗിരിജ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സിന്ധു തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ നേർന്നു.

മുടി ദാനം ചെയ്യാൻ വിളിക്കാം: 95266 92327.