വൈക്കം : പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വെച്ചൂർ പഞ്ചായത്ത് 10ാം വാർഡിൽ 310 ഓളം വളർത്തുപക്ഷികളെ കൊന്ന് സംസ്‌കരിച്ചു.
രോഗബാധയുണ്ടായ സ്ഥലത്തെ ഒരു കിലോമീറ്റർ ചുറ്റളവിലെ 50ഓളം വീടുകളിൽ വളർത്തിയിരുന്ന പക്ഷികളെയാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കൊന്നുസംസ്‌കരിച്ചത്. വൈക്കത്ത് ഉദയനാപുരത്താണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ 9000ത്തോളം പക്ഷികളെ കൊന്ന് സംസ്‌കരിച്ചിരുന്നു. ടി.വി പുരം, ചെമ്പ് പഞ്ചായത്തുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തെങ്കിലും ഇവിടെ പക്ഷിപനി കണ്ടെത്തിയിരുന്നില്ല. വെച്ചൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ ഏഴുവരെ കോഴിക്കടകൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ചിക്കൻ വിഭവങ്ങൾ ഒഴിവാക്കണമെന്ന് ഹോട്ടലുകൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. രോഗവ്യാപനമുണ്ടാകുമെന്ന ആശങ്ക നില നിൽക്കുന്നതിനാൽ വെച്ചൂരിന്റെ സമീപപ്രദേശങ്ങളായ തലയാഴം, വൈക്കം നഗരസഭ. കല്ലറ,ആർപ്പുക്കര എന്നിവിടങ്ങലിലെ കർഷകർ ആശങ്കയിലാണ്.