കോട്ടയം: കോട്ടയം എം.പിയും ഏറ്റുമാനൂർ എം.എൽ.എയുമായിരുന്ന മുതിർന്ന സി.പി.എം നേതാവ് കെ.സുരേഷ് കുറുപ്പ് കോട്ടയത്തിന്റെ ഭാവിവികസനം ശതാബ്ദി വർഷമായ 2049ൽ എങ്ങനെ ആയിരിക്കണമെന്ന് കേരളകൗമുദിയോട് വ്യക്തമാക്കുകയാണ്.
കൊച്ചി മെട്രോ കോട്ടയം വരെ നീട്ടിയാൽ യാത്രക്ക് അരമണിക്കൂർ മതിയാകും. തൃപ്പൂണിത്തുറയിൽ നിന്ന് വൈക്കം -ചേർത്തല തീരദേശ റെയിൽപാത വേമ്പനാട്ടുകായലിന് കുറുകെ വരുന്നത് ഗ്രാമീണ ടൂറിസം മേഖലയിൽ വലിയ വളർച്ച ഉണ്ടാകും .
റബർ, വിവിധ കാർഷികവിളകൾ, കള്ള് എന്നിവ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്നത് നേട്ടമാകും. കള്ള്, ഗോവ ഫെനിപോലെ ബ്രാൻഡാക്കി മാറ്റണം. തിരുവാർപ്പ്, അയ്മനം കുമരകം, കല്ലറ, വൈക്കം മേഖലകളിലെ കള്ളുഷാപ്പുകൾ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുംവിധമാക്കണം. ഏറ്റുമാനൂർ, വൈക്കം മഹാദേവ ക്ഷേത്രങ്ങളും, അതിരമ്പുഴ പള്ളിയും ചേർത്ത് പിൽഗ്രീം ടൂറിസം വളർത്താം .മലിനീകരണം ,മാലിന്യ നിർമാർജനം എന്നിവയാണ് കോട്ടയം നേരിടുന്ന പ്രധാന പ്രശ്നം.
ഐ.ടി രംഗത്ത് കാര്യമായ സംഭാവനയുണ്ടാകണം
വിദ്യാഭ്യാസ മേഖലയിൽ മുന്നിലാണെങ്കിലും ഐ.ടി രംഗത്ത് കാര്യമായ സംഭാവന ഉണ്ടാകണം.ടൂറിസം വികസനത്തിന് റോഡ് വികസനമാണ് അടിയന്തിരമായി ചെയ്യേണ്ടത്. കോട്ടയം നഗരത്തിൽ നിന്ന് കുമരകം, തിരുവാർപ്പ്, അയ്മനം, ഏറ്റുമാനൂർ, കുട്ടിക്കാനം, തേക്കടി, മൂന്നാർ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ വീതി കൂടിയ റോഡുകൾ വേണം. കനാലുകൾ വികസിപ്പിച്ചുള്ള ഇൻ ലാൻഡ്ബോട്ട് സർവീസ് വേണം.
സമാന്തര റോഡ് വേണം
നാഗമ്പടം പഴയ പാലത്തിൽ നിന്ന് ഏറ്റുമാനൂരിലേക്ക് സമാന്തര റോഡ് വേണം. പഴയ എം.സി റോഡ് വീതി കൂട്ടി വികസിപ്പിക്കാം. ജലഗതാഗത വികസനത്തിന് കച്ചേരിക്കടവ് ,കോടിമത ബോട്ട് ജെട്ടികൾ നവീകരിച്ചും കനാലുകൾ വികസിപ്പിച്ചുമുള്ള ബോട്ട് സർവീസ് വേണം.
തിരുനക്കരയിൽ മനോഹരമായ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കം ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത് വിദഗ്ദ്ധപഠനം നടത്തിവേണം.