വൈക്കം: തുരുത്തുമ്മക്കാർക്ക് പാലം വേണം. ജീവൻ പണയം വെച്ചുള്ള ജങ്കാർ യാത്ര മടുത്തു. ആവലാതിക്ക് കാലപ്പഴക്കമുണ്ടെങ്കിലും അധികാരികളുടെ കണ്ണ് ഇതുവരെ തുറന്നിട്ടില്ല. ഉണ്ടായിരുന്ന ജങ്കാറും ഇപ്പോൾ മുടങ്ങിയിരിക്കുന്നു.
പാലം വേണമെന്നും നിലവിലെ ജങ്കാർ സർവീസ് കാര്യക്ഷമവും സുരക്ഷിതവുമാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ടായത് കഴിഞ്ഞയാഴ്ചയാണ്. ജങ്കാർ സർവീസ് കാര്യക്ഷമമാക്കുമെന്ന പഞ്ചായത്ത് ഉറപ്പ് നൽകിയതോടെയാണ് അന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായി ജങ്കാർ സർവീസ് നിലച്ചു. ഇതോടെ തുരുത്തമ്മ നിവാസികൾക്ക് പുഴകടക്കാൻ പഞ്ചായത്ത് കൊടുത്തത് രണ്ട് ചെറിയ വള്ളങ്ങൾ. അതും ഊരുറപ്പിച്ച് കയറാൻ കഴിയാത്ത വള്ളങ്ങൾ.
വാഹന ഗതാഗതവും മുടങ്ങിയതോടെ വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കാനും കൊച്ചുകുട്ടികളെ അങ്കണവാടിയിലെത്തിക്കാനും ഈ അപകടയാത്ര നടത്തേണ്ട ഗതികേടിലായി നാട്ടുകാർ.
നിലവിലുള്ള ജങ്കാർ സർവീസിന്റെ കരാർ കാലാവധി കഴിഞ്ഞ 30ന് കഴിഞ്ഞിരുന്നു. പുതിയ കരാർ ഉണ്ടാകുംവരെ നിലവിലുള്ള ജങ്കാർ സർവീസ് തുടരുമെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പുതിയ കരാർ അനുസരിച്ചുള്ള ജങ്കാർ സർവീസ് ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നതായി ജനകീയ സമിതി പ്രവർത്തകർ പറയുന്നു. എന്നാൽ വ്യാഴാഴ്ച രാത്രി നടത്തിപ്പുകാർ ജങ്കാർ സർവീസ് അവസാനിപ്പിച്ച് കൊണ്ടുപോയി. രാവിലെ നാട്ടുകാർ കടത്ത് കടക്കാനെത്തിയപ്പോഴാണ് ജങ്കാറില്ലെന്ന വിവരം അറിയുന്നത്.
തുടർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ രാവിലെ തന്നെ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വിഷയത്തിന് പരിഹാരമുണ്ടാകാതെ ഓഫീസ് തുറക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. തൽക്കാലം കടത്ത് കടക്കാൻ സുരക്ഷിത മ ല്ലാത്ത രണ്ട് വള്ളങ്ങൾ ഏർ പ്പാടാക്കിയിട്ടുണ്ട്.
ഇന്ന് മുതൽ കടത്തിന് സുരക്ഷിതമായ വള്ളമോ ബോട്ടോ ഏർപ്പെടുത്തുമെന്നും 16 ന് പുതിയ ജങ്കാർ സർവീസ് ആരംഭിക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയതിനേ തുടർന്ന് നാട്ടുകാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
ജങ്കാറിനായി പുതിയ കരാർ നൽകി.16 മുതൽ സർവീസ് തുടങ്ങും. അതുവരെ വലിയ വള്ളത്തിൽ പഞ്ചായത്ത് കടത്ത് നടത്തും.
-പഞ്ചായത്ത് അധികൃതർ