ചങ്ങനാശേരി : നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ (60 ജിഎസ്എമ്മിന് താഴെ) വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു എന്ന് ആരോപിച്ചു നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ചങ്ങനാശേരി വെജിറ്റബിൾ മാർക്കറ്റിലെ ഗോഡൗണിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ക്യാരിബാഗുകൾ പിടിച്ചെടുത്തു. ക്യാരിബാഗുകൾ നഗരസഭയുടെ ലോറിയിലേക്ക് കയറ്റിക്കൊണ്ടുപോകുവാൻ നടത്തിയ ശ്രമം വ്യാപാരികളും, തൊഴിലാളികളും തടഞ്ഞു. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. വെജിറ്റബിൾ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഗണപതി ഏജൻസീസിന്റെ ഗോഡൗണിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിനിധികളും വ്യാപാരികളും ഗോഡൗണിൽ നിന്ന് സാധനങ്ങൾ കയറ്റി കൊണ്ടുപോകുവാൻ പറ്റില്ല എന്ന് നിലപാട് എടുത്തു. ഇവർക്ക് പിന്തുണയുമായി ഐ.എൻ.ടി.യു.സി തൊഴിലാളികളും രംഗത്ത് വന്നു. തുടർന്ന് തൊഴിലാളികളും വ്യാപാരികളും ചേർന്ന് ലോറിയിൽ കയറ്റിയ മുഴുവൻ സാധനങ്ങളും തിരികെ ഗോഡൗണിലേക്ക് ഇറക്കി. ഇതിനിടയിൽ ഉദ്യോഗസ്ഥരും വ്യപാരികളും തമ്മിൽ തർക്കം രൂക്ഷമായി. തുടർന്ന് പൊലീസ് എത്തിയിട്ടും വ്യാപാരികളും, തൊഴിലാളികളും പിന്നോട്ട് പോയില്ല. പിന്നീട് ചങ്ങനാശേരി എസ്.എച്ച്.ഒ ബി വിനോദ് കുമാർ സംഭവ സ്ഥലത്ത് എത്തി വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ സാധനങ്ങൾ ഗോഡൗണിൽ തന്നെ സൂക്ഷിക്കുവാനും ഗോഡൗൺ സീൽ ചെയ്യുവാനും തീരുമാനിച്ചു. തുടർ നടപടികൾക്ക് ശേഷം ഗോഡൗൺ തുറന്നു നൽകും. സംഭവത്തിൽ ആർക്കും എതിരെ കേസ് എടുത്തിട്ടില്ല.
ശക്തമായ സമരവുമായി മുമ്പോട്ട് പോകും.
വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് നഗരസഭ സ്വീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കച്ചവടം നിർത്തി പൂട്ടി പോയത് പത്തിലേറെ സ്ഥാപനങ്ങൾ ആണ്. ഓരോ ദിവസവും വ്യാപാരം മുൻപോട്ട് കൊണ്ട് പോകുവാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിക്ക് എതിരെ ശക്തമായ സമരവുമായി മുൻപോട്ട് പോകും.
ചങ്ങനാശേരി മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിനിധി സാംസൺ വലിയപറമ്പിൽ
വ്യാപാര മേഖലയെ തകർക്കുവാനുള്ള നഗരസഭയുടെ കിരാത നടപടികൾക്ക് എതിരെ വ്യപാരികൾക്ക് ഒപ്പം ഒറ്റക്കെട്ടായി നിലകൊള്ളും. ഇത്തരം അന്യായങ്ങൾ അനുവദിച്ചു കൊടുക്കാൻ ആവില്ല. ജീവനക്കാർക്ക് ശമ്പളം നൽകുവാനുള്ള പണപ്പിരിവ് ആണ് ഇപ്പോൾ നടക്കുന്നത്.
മാർട്ടിൻ കെ.വി (ഐ.എൻ.ടി.യു.സി)