animals

മുണ്ടക്കയം: പലവട്ടം ആനക്കൂട്ടമെത്തി. ചിലയവസരങ്ങളിൽ കാട്ടുപോത്തും. പൊലിഞ്ഞത് മൂന്ന് മനുഷ്യജീവനുകളും... വനാതിർത്തിയിലെ ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങൾ കാടിറങ്ങിയെത്തുമ്പോൾ തടയാൻ വനംവകുപ്പ് എന്ത് ചെയ്തു എന്ന ചോദ്യം മാത്രം ബാക്കി. വനാതിർത്തികളിൽ വനംവകുപ്പിന്റെ പദ്ധതികൾ പാടേ പാളിയെന്നും വ്യക്തം. എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വനാതിർത്തികളെ ബന്ധിപ്പിച്ച് 26.5 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിംഗ് ഫെൻസിംഗ് വേലി നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പായില്ല. കണ്ണിമല ഭാഗത്ത് ട്രഞ്ച് നിർമ്മാണവും നടന്നില്ല. കണമലയിൽ രണ്ട് കർഷകർ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എരുമേലി വനമേഖലയിൽ 26 പോയിന്റുകളിൽ സൗരവേലികൾ പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന്റെ തുടർനടപടികളുമായിട്ടില്ല.

പ്രതീക്ഷിച്ചു, പക്ഷേ ഒന്നുമായില്ല

രാഷ്ട്രീയ കാർഷിക വികാസ് യോജന സ്‌കീമിൽ 20 കിലോമീറ്റർ ദൂരത്തിലും നബാർഡ് ഫണ്ടിൽ ആറര കിലോമീറ്റർ ദൂരത്തിലുമാണ് ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കാൻ പദ്ധതിയിട്ടത്. പമ്പാവാലി, എയ്ഞ്ചൽവാലി വനാതിർത്തിയിലും ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. എരുമേലി പഞ്ചായത്തിലെ മുഴുവൻ വനമേഖലയും ഹാങ്ങിംഗ് ഫെൻസിംഗിൽ വലയം ചെയ്യാനാകുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചെങ്കിലും ഒന്നുംസംഭവിച്ചില്ല.

1.70 കോടി

എരുമേലിയിൽ 26.5 ദൂരമുള്ള വനാതിർത്തിയിൽ ഒരു കിലോമീറ്റർ ദൂരം ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കാൻ 8.3 ലക്ഷം രൂപയാണ് വകയിരുത്തിയത്. 1.70 കോടി ആണ് 20 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചിരുന്നത്.


കാടുപിടിച്ച് തകരാറിലായി

മുമ്പ് വനാതിർത്തി മേഖലകളിൽ നിർമ്മിച്ച സൗരവേലി പല സ്ഥലങ്ങളിലും കാടുപിടിച്ച് തകരാറിലായി നശിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ വേലികൾ പരിചരിക്കുന്നതിന് വനം മന്ത്രി അനുമതി നൽകിയെങ്കിലും നടപടികളുണ്ടായില്ല.