
കെഴുവംകുളം: ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ വിളഞ്ഞ നെൽക്കതിരുകൾക്ക് സ്വർണശോഭയാണ്. ത്രിശക്തിസംഗമ ക്ഷേത്രമായ കെഴുവംകുളം ചെറുവള്ളികാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിലെ ദേവിയുടെയും ദേവന്റെയും ശ്രീകോവിലുകൾക്കിടയിലാണ് പത്തോളം ചുവട് നെല്ലുകൾ കതിർചൂടി നിൽക്കുന്നത്. ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണ സമയത്ത് വിരിച്ച ഉരുളൻ കല്ലുകൾക്കിടയിൽ ഉതിർന്നു വീണ നെൽമണികളാണിപ്പോൾ കതിർവീശിയത്. നിവേദ്യത്തിന്റെ അരി കഴുകുന്ന വെള്ളം മാത്രം വളമായി സ്വീകരിച്ചാണ് നെൽക്കതിരുകൾ പൂത്തുവിടർന്നത്. ഇതിൽ നിന്ന് കിട്ടുന്ന നെൽമണികൾ പറിച്ചുകൂട്ടി പൂജക്ക് ആവശ്യമായ അക്ഷതമായും, ഗണപതിഹോമത്തിന് വേണ്ടതായ വിത്തായും ഉപയോഗിക്കുന്നതായി മേൽശാന്തി കെഴുവംകുളം ജയകൃഷ്ണൻ നമ്പൂതിരി പറഞ്ഞു.കാക്കകളും പ്രാവുകളും സദാസമയം ക്ഷേത്രത്തിലുണ്ടെങ്കിലും ഇവയൊന്നും നെൽക്കതിരുകൾ കൊത്തിത്തിന്നുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഭക്തർ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രത്തിൽ മാളികപുറത്തമ്മയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ ധാന്യപ്പറയിൽ നെല്ലാണ് പ്രധാന വിഭവം. നിരവധി ഭക്തർ ക്ഷേത്രത്തിൽ ധാന്യപ്പറ വഴിപാട് നടത്താറുണ്ട്. മുൻവർഷങ്ങളിൽ ക്ഷേത്ര മൈതാനത്തും മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരിയുടെ സ്ഥലത്തും നെൽകൃഷി നടത്തിയിരുന്നു. ഒരു വർഷക്കാലം നിവേദ്യത്തിനുള്ള ഉണക്കലരി ഇവിടെ നിന്നാണ് ലഭിച്ചിരുന്നത്.