പാലാ: വലിയപാലത്തിന് സമീപം നിലവിൽ നിർമ്മാണം നിലച്ചിരിക്കുന്ന റിവർവ്യൂ റോഡിനോട് ചേർന്നുള്ള പഴയ റിവർവ്യൂ റോഡിൽ അപകട ഭീതി ഒഴിയുന്നില്ല.
റോഡരികിന്റെ ഒരു വശം ഇടിഞ്ഞ് ഇവിടെ വലിയ കുഴി രൂപപ്പെട്ടിരുന്നു. അപകടകരമായ സ്ഥിതിയാണുള്ളത്. ഇവിടെ വീപ്പകൾ നിരത്തി അപകടം ഒഴിവാക്കാൻ പി.ഡബ്ല്യു.ഡി അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല.
കഴിഞ്ഞ മേയിലായിരുന്നു ഇവിടെ റോഡുവക്ക് ഇടിഞ്ഞത്. അന്ന് അധികാരികൾ ആദ്യമായി ഈ ഭാഗത്ത് വീപ്പ നിരത്തി അപകടമൊഴിവാക്കി. ഒരാഴ്ചയ്ക്കുള്ളിൽ വാഹനമിടിച്ച് വീപ്പ ഗർത്തത്തിൽ വീണു. യാത്രക്കാർ അറിയിച്ചപ്പോൾ അധികൃതർ വീണ്ടും വീപ്പ നിരത്തി. നാല് ദിവസം മുമ്പ് ഈ വീപ്പകളും ഏതോ വാഹനമിടിച്ച് കുഴിയിലിട്ടു. വാഹനമിടിച്ച് ചളുങ്ങി കുഴിയിൽ വീണ വീപ്പകൾ പിന്നീട് ആരോ മോഷ്ടിച്ചുകൊണ്ടുപോയി. പുരകത്തുമ്പോൾ വാഴ വെട്ടുന്ന അവസ്ഥ.ബസുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്.
പാലാ നഗരത്തിൽ മീനച്ചിലാറിന്റെ തീരത്തുകൂടിയുള്ള റിവർവ്യൂ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞിട്ട് മാസങ്ങളായി. ഏത് നിമിഷവും റോഡിന്റെ ബാക്കിഭാഗം കൂടി ഇടിഞ്ഞുവീഴാം. മീനച്ചിലാറ്റിൽ വെള്ളം ഉയർന്നാൽ റോഡ് ഇടിയാൻ സാദ്ധ്യതയേറെയാണ്.
വീപ്പകൾ വാഹനമിടിച്ച് കുഴിയിലുടന്നത് പതിവായതോടെ ഇന്നലെ പി.ഡബ്ല്യു.ഡി.യിൽ നിന്ന് ചുമതലപ്പെടുത്തിയ തൊഴിലാളികളെത്തി മൂന്നാം വട്ടവും വീപ്പ സ്ഥാപിച്ചു.
വാഹനങ്ങൾ പോകുമ്പോൾ നെഞ്ചിടിപ്പേറും
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിന്റെ ഇടിഞ്ഞ ഭാഗത്തുനിന്നും മണ്ണും കല്ലുകളുമൊക്കെ ഊർന്ന് വീഴുന്നത് നെഞ്ചിടിപ്പേറ്റുകയാണെന്ന് സമീപത്തെ വ്യാപാരികളും ഇതുവഴിയുള്ള യാത്രക്കാരും പറയുന്നു.