കുമരകം : അന്താരാഷ്ട്ര നിലവാരമുള്ള അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പുസ്തകത്തിൽ ഇനി കുമരകം സ്വദേശിനിയുടെ ഗവേഷണം ഉൾപ്പെടുത്തും. മിസിസിപ്പി കോളേജ് സ്കൂൾ ഓഫ് ലോയുടെ പുസ്തകത്തിലാണ് ഗവേഷണം ഉൾപ്പെടുത്തുക. പഞ്ചാബ് യൂണിവേഴ്സിറ്റി ഇൻ കോളാബോറേഷൻ വിത്ത് മിസിസിപ്പി കോളേജ് സ്കൂൾ ഓഫ് ലോയുടെയും ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര വിർച്വൽ കോൺഫറൻസിലാണ് ശ്രുതി സ്വന്തം റിസർച്ച് പേപ്പർ ആയ എഐ പവേർഡ് ഒാട്ടോണമസ് വെപ്പൺസ്: ലീഗൽ ഫ്രണ്ടീയേഴ്സ് ഇൻ ഇന്റർനാഷണൽ ലോ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള 500ലധികം ആളുകൾ സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൽനിന്നാണ് ശ്രുതിയുടെ പ്രബന്ധം തിരഞ്ഞെടുത്തത്.
കുമരകം ചൂളഭാഗം പള്ളിക്കുടംപറമ്പിൽ സൈജോ പി. പി. യുടെയും ഇന്ദിര സൈജോയുടെയും ഇളയ മകളാണ് ശ്രുതി സൈജോ (22). ശ്രുതിയുടെ ഗവേഷണത്തിലെ പ്രബന്ധം പഞ്ചാബിലെ ചണ്ഡീഗഡ് ലോ കോളേജിൽ പഠന വിഷയമാക്കി പഠിപ്പിക്കുവാനും തുടങ്ങി.