hydropanics

പാലാ: ഭരണങ്ങാനത്ത് നൂതന കൃഷിരീതിയുമായി ഹൈഡ്രോപോണിക്‌സ് ഫാം പ്രവർത്തനം ആരംഭിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഹൈഡ്രോപോണിക്‌സ് (മണ്ണില്ലാകൃഷി) രീതിയിൽ ഇലക്കറികളും ഔഷധ സസ്യങ്ങളും കായ്കറികളും കൃഷി ചെയ്യുകയാണ് ഫാമിൽ. ഭരണങ്ങാനം മേരിഗിരി ആശുപത്രിക്ക് സമീപം പൂഞ്ഞാർ ഹൈവേയ്ക്കരികിലാണ് ഫാം.

മണ്ണിൽ ചെടികൾ നടുന്നതിന് പകരം പ്രത്യേകം സജ്ജമാക്കിയ ഷെഡുകളിൽ വെള്ളത്തിൽ വളർത്തുന്നതാണ് ഈ നൂതന കൃഷിരീതി. മറ്റ് ആധുനിക മണ്ണില്ലാ കൃഷിരീതികളെ അപേക്ഷിച്ച് കൂടുതൽ മുതൽമുടക്കുണ്ടെങ്കിലും ലാഭകരവും ഗുണമേന്മയുള്ള വിളവ് ലഭിക്കുന്നതും ഹൈഡ്രോപോണിക്‌സ് രീതിയിലുള്ള കൃഷിയിലാണെന്നാണ് വിദഗ്ധർ പറയുന്നത്.

പരമ്പരാഗത രീതിയിൽ കൃഷിചെയ്യുന്നതിനേക്കാൾ 10 ഇരട്ടി വരെ ആദായം ഹൈഡ്രൈപോണിക്‌സ് രീതിയിൽ കൃഷിചെയ്യുമ്പോൾ ലഭിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഏറ്റവും പ്രധാനം യാതൊരുവിധ വിഷവസ്തുക്കളുടേയും സാന്നിധ്യം ഈ പച്ചക്കറികളിൽ ഉണ്ടാവുകയില്ല എന്നുള്ളതാണ്.

കർഷകരുടെ കൂട്ടായ്മയായ ഇൻഗ്രോൺ അഗ്രി പ്രൊഡ്യൂസർ കമ്പനിയുടെ പച്ചക്കറി ഫാമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ഭരണങ്ങാനം സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മാണി സി. കാപ്പൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. എം.പിമാരായ ജോസ് കെ.മാണി, ഫ്രാൻസിസ് ജോർജ് എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ വി.ജി വിജയകുമാർ, ടോണി മൈക്കിൾ, റിൻസ് വെട്ടുകല്ലേൽ, ജോസ് എബ്രാഹം എന്നിവർ പങ്കെടുത്തു.