ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജനങ്ങളെ ബാധിക്കുന്നു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പല ഫയലുകളും തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്. ജീവനക്കാർ കുറവായതിനാൽ ഉള്ളവർക്ക് അമിത ജോലി ഭാരവുമാണ്.
ഏറ്റുമാനൂർ പഞ്ചായത്ത് 2015 ൽ നഗരസഭ ആക്കി മാറ്റിയെങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വന്നിട്ടില്ല. ഇപ്പോൾ 35 വാർഡുകളുള്ള നഗരസഭയിൽ പഴയ പഞ്ചായത്തായിരുന്നപ്പോൾ ഉള്ള ജീവനക്കാർ മാത്രമാണുള്ളത്. വരുമാന വിഭാഗത്തിൽ ഒരു അസി.എൻജിനീയറും, ആരോഗ്യ വിഭാഗത്തിൽ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറും മാത്രമാണുള്ളത്. മറ്റ് നഗരസഭകളിൽ ഇതേ പദവിയിൽ രണ്ടിലധികം ജീവനക്കാർ ഉണ്ട്. പത്തു ക്ലറിക്കൽ ജീവനക്കാർ മാത്രമാണ് ഇവിടെ ഉള്ളത്. ജീവനക്കാരുടെ അപര്യാപ്തതയിൽ ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ജീവനക്കാരും അടക്കം പറയുന്നു. ചില ജീവനക്കാർ വൈകിട്ട് വീട്ടിൽ ഇരുന്നും ജോലി ചെയ്താണ് ജനങ്ങളുടെ പല പ്രശ്‌നങ്ങളും അടങ്ങിയ ഫയലുകളിൽ തീർപ്പാക്കുന്നത്. ജീവനക്കാർക്ക് സർക്കാർ മറ്റ് ചുമതലകൾ നൽകുമ്പോൾ നഗരസഭയുടെ ജനങ്ങളോടുള്ള സേവനത്തിന് കോട്ടം തട്ടുന്നുണ്ട്. സെക്രട്ടറി ഉൾപ്പെടെ അവധിയെടുത്തതും ജീവനക്കാർക്ക് തലവേദനയായി. ജീവനക്കാരുടെ അഭാവം കാരണം ജനറൽ വിഭാഗത്തിലും സമാനമായ പ്രശ്‌നങ്ങളാണ്. താൽക്കാലിക ജീവനക്കാരെ പോലും നിയമിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ വീട്ടുകരം പോലും കൃത്യമായി പിരിക്കാൻ സാധിച്ചിട്ടില്ല.

മുൻസിപ്പാലിറ്റിയിൽ അകൗണ്ടന്റിന്റെ തസ്തിക നിലവിൽ ഇല്ല. ജീവനക്കാരുടെ അംഗസംഖ്യ കുറവായതിനാൽ ഫയലുകൾ കെട്ടി കിടക്കുന്നു. മുനിസിപ്പാലിറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നില്ല. നിരവധി തവണ സർക്കാരിലും മന്ത്രി തലത്തിലും നിവേദനം നൽകിയിട്ടും യാതൊരു വിധത്തിലുള്ള നടപടിയും എടുത്തിട്ടില്ല.

-നഗരസഭാ ചെയർപേഴ്‌സൺ ലൗലി ജോർജ്