പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാന്റീൻ അടച്ചിട്ടിട്ട് നാളുകളായി. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതരെത്തി കാന്റീൻ അടച്ചുപൂട്ടിയത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരുമൊക്കെ ആകെ പ്രയാസത്തിലാണ്. ഒരു ചായ കുടിക്കണമെങ്കിൽ 400മീറ്ററെങ്കിലും നടന്നുപോയി ആശുപത്രി കോമ്പൗണ്ടിനു പുറത്ത് ദേശീയപാത അരികിലെ ഹോട്ടലിലെത്തണമെന്നതാണ് അവസ്ഥ. കാന്റീൻ തുറക്കണമെന്ന മുറവിളി ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് കാന്റീനോട് ചേർന്നുള്ള പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.
കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടത്തിലായിരുന്നു മുമ്പ് കാന്റീൻ പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ആശുപത്രി വളപ്പിൽ പുതിയ കെട്ടിടം നിർമ്മിച്ചതും കാന്റീൻ അങ്ങോട്ട് മാറ്റിയതും. നിർഭാഗ്യവശാൽ മോർച്ചറിക്കും പോസ്റ്റ്മോർട്ടം മുറിക്കും സമീപത്തായിട്ടാണ് കാന്റീൻ കെട്ടിടം പണിതത്. പുതിയ കെട്ടിടത്തിൽ കാന്റീൻ പ്രവർത്തനം തുടങ്ങി മാസങ്ങൾക്കുശേഷമാണ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെത്തുടർന്ന് അടച്ചത്. പ്രതിഷേധത്തെത്തുടർന്ന് കാന്റീൻ തുറക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
ഇതോടെയാണ് മോർച്ചറിയും പോസ്റ്റ്മോർട്ടം മുറിയും കാന്റീന്റെ സമീപത്തുനിന്നും മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. കാന്റീനിന്റെ അടുക്കളക്ക് സമീപമാണ് പോസ്റ്റ്‌മോർട്ടംമുറിയും മോർച്ചറിയും. ഇവിടെനിന്നുള്ള മലിനജലം കാന്റീൻ അടുക്കളയ്ക്ക് പിന്നിലൂടെയാണ് ഒഴുകുന്നതെന്നാണ് ആക്ഷേപം. ഇത് പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്നും പ്രതിഷേധക്കാർ പറയുന്നു.
എന്നാൽ പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗം നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് കാന്റീൻ മാറ്റി സ്ഥാപിക്കാൻ ആശുപത്രി വികസന സമിതിയിൽ ഐക്യകണ്‌ഠേനയാണ് തീരുമാനം എടുത്തത്. ഇപ്പോൾ സമരരംഗത്തുള്ള സംഘടനകളുടെയും രാഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ആശുപത്രി വികസന സമിതിയെന്നും ഭാരവാഹികൾ പറഞ്ഞു.