ചങ്ങനാശേരി : ആരും പെട്ടുപോകും, പായിപ്പാട്ടെ കുരുക്ക് അത്രയ്ക്ക് വലുതാണ്. ട്രാഫിക് പരിഷ്ക്കരണം ഏർപ്പെടുത്തിയിട്ടും കുരുക്ക് ഒന്നിനൊന്ന് മുറുകുന്നതേയുള്ളൂ. പരിഷ്ക്കാരങ്ങളോട് നോ പറഞ്ഞ് യാത്രക്കാർ വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്യുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. കുരുങ്ങി കുരുങ്ങി വാഹനങ്ങൾ നീണ്ടനിര കിടക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പൊലീസും വിയർക്കുകയാണ്. 200 മീറ്ററിൽ താഴെമാത്രം ദൂരമുള്ള ടൗൺ കടക്കാൻ ഏറെനേരം കാത്തുകിടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. രാവിലെയും വൈകിട്ടുമാണ് തിരക്ക് കൂടുതൽ. കോട്ടയം - പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമാണ് പായിപ്പാട് കവല. ദിശാ ബോർഡില്ലാത്തതും യാത്രക്കാരെ കുഴയ്ക്കുന്നു. പലരും വാഹനങ്ങൾ നിറുത്തി വഴി ചോദിക്കുന്നത് പിന്നാലെ വരുന്ന വാഹനങ്ങൾക്കും തസയം സൃഷ്ടിക്കുകയാണ്.
വികസനം ഫയലിൽ ഉറങ്ങുന്നു
മല്ലപ്പള്ളി - തിരുവല്ല റോഡും ചങ്ങനാശേരി - കവിയൂർ റോഡും സംഗമിക്കുന്ന പായിപ്പാട് കവലയുടെ വികസനം ഇന്നും ഫയലിൽ തന്നെയാണ്. റോഡിന്റെ വീതിക്കുറവും, ജംഗ്ഷനിൽ നിറുത്തി ബസുകൾ യാത്രക്കാരെ കയറ്റിയിറക്കുന്നതും ഗതാഗതക്കുരുക്കിനിടയാക്കും. സിഗ്‌നൽ സംവിധാനമില്ലാത്തതിനാൽ നാല് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തോന്നിയതു പോലെ കടന്നു പോകുകയാണ്. വാഹനങ്ങൾ തട്ടിയും, മുട്ടിയുമുള്ള വാക്കേറ്റങ്ങളും പതിവാണ്. അനധികൃത വഴിയോര കച്ചവടക്കാർ നിരത്തിൽ നിരന്നതോടെ കാൽനട യാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട ഗതികേടാണ്. ഇത് അപകടങ്ങൾക്കും ഇടയാക്കും.
ഭായിമാരുടെ കേന്ദ്രം, ലഹരിയുടെയും
ജില്ലയിൽ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികൾ കഴിയുന്ന പ്രദേശമാണ് പായിപ്പാട്. രാവിലെ 5 മുതൽ ഇവരക്കൊണ്ട് കവല നിറയും.
ലഹരിവസ്തുക്കളുടെ വില്പനയും സജീവമാണ്. പൊലീസ് പരിശോധനയുമില്ല. വഴിയോരങ്ങളിലും, കടകൾക്ക് മുൻപിലും തൊഴിലാളികൾ മുറുക്കി തുപ്പിയിടുന്നത് വ്യപാരികൾക്കടക്കം ബുദ്ധിമുട്ടാണ്. ഇവർക്കായി മാത്രം താത്കാലിക ഭക്ഷണ ശാലകളും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണ അവശിഷ്ടങ്ങളും റോഡിലാണ് നിക്ഷേപിക്കുന്നത്.
''
ആരോഗ്യവകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചതാണ്. ഇതുവരെ നടപടിയുണ്ടായില്ല. ഗതാഗതക്കുരുക്കും, ലഹരിക്കച്ചവടവും നിയന്ത്രിക്കാൻ പൊലീസ് ഇടപെടലുണ്ടാകണം.
-മുബാഷ് മുഹമ്മദ് ഇസ്മായി