വെച്ചൂർ: പാടശേഖരങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്ന നാട്ടുതോട്ടിൽ രാത്രിയുടെ മറവിൽ നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നു. ഇതോടെ രണ്ടായിരം ഏക്കർ നെൽക്കൃഷിക്ക് ശുദ്ധജലമെത്തിക്കാൻ കർഷകർക്ക് കഴിയുന്നില്ല. ശുദ്ധജലമെത്തിക്കാൻ കഴിയാതെ കൃഷി കരിഞ്ഞു നശിക്കുമെന്ന ആശങ്കയിലാണ് വെച്ചൂർ പഞ്ചായത്തിലെ പൂവത്തുക്കരി, അയ്യനാടൻ പുത്തൻ കരി, കോലാംപുറത്തു കരി, കാട്ടുകരി, പൊന്നച്ചംചാൽ, പോട്ടക്കരി തുടങ്ങി 10 ഓളം പാടശേഖരങ്ങളിലെ 2000 ഏക്കറിലെ കർഷകർ.
വെച്ചൂർ-കല്ലറ റോഡിൽ പാടശേരങ്ങൾക്ക് സമീപത്തായി ഒഴുകുന്ന കൊടുതുരുത്ത് ഞാണുപറമ്പ് തോട്ടിൽ ഏതാനും വർഷങ്ങളായി ദിനംപ്രതി അഞ്ച് ടാങ്കറുകളെങ്കിലും കക്കൂസ് മാലിന്യം തള്ളുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. ശക്തിയേറിയ രാസവസ്തുക്കൾ കലർത്തി തള്ളുന്ന മാലിന്യം വീണ ഭാഗത്തെ പുല്ലുകൾ പോലും കരിഞ്ഞു പോകുകയാണ്. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന തോടുകളിലെല്ലാം കക്കുസ് മാലിന്യം കലർന്നിരിക്കുകയാണ്. തോട്ടിലിറങ്ങി തൂമ്പു തുറന്നാൽ മാത്രമേ പാടത്ത് വെള്ളമെത്തിക്കാനാകു. മാലിന്യം നിറഞ്ഞ തോട്ടിൽ ഇറങ്ങിയ കർഷകർക്കും കർഷക തൊഴിലാളികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമൊക്കെ ശരീരം ചൊറിഞ്ഞു തടിച്ചതിനെ തുടർന്ന് ചികിൽസ തേടേണ്ടിവന്നു. അഞ്ചേക്കറോളം കൃഷിയിറക്കിയ വെച്ചൂർ മൂന്നാം വാർഡിലെ ഗോപാലകൃഷ്ണൻ ത്വക്ക് രോഗബാധയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ രണ്ടാഴ്ച മുമ്പ് ചികിൽസ തേടിയിരുന്നു. കക്കൂസ് മാലിന്യം തോട്ടിൽ തള്ളുന്നതിനെതിരെ പ്രതികരിച്ചവരുടെ വീട്ടുപരിസരത്ത് മാലിന്യം കൊണ്ടുവരുന്ന സംഘം മാലിന്യം തള്ളിയതായും പരാതിയുണ്ട്. പാടശേഖര സമിതിയും പഞ്ചായത്തുമൊക്കെ സ്ഥാപിച്ച സിസിടിവി കാമറകളും തകരാറിലാക്കിയാണ് മാലിന്യം തള്ളുന്നത്. പാടത്ത് ശുദ്ധജലമെത്തിക്കാൻ കഴിയാത്തതിനാൽ വിതച്ച് 20 ദിവസമെത്തിയ നെൽച്ചെടികൾ കരിഞ്ഞു നശിക്കുമെന്ന സ്ഥിതിയിലാണ്. ഏക്കറിന് 20000 രൂപയോളം കർഷകർ ഇതിനകം മുടക്കി കഴിഞ്ഞു. 10 പാടശേഖരങ്ങളിലുമായി 1000ത്തോളം കർഷകരാണുള്ളത്. കർഷകർക്ക് പുറമേ തോടുകളുടെ പരിസരത്തും പാടശേഖരത്തിന് സമീപത്തുമായി താമസിക്കുന്നവരെയും കക്കൂസ് മാലിന്യം തള്ളുന്നത് പ്രതികൂലമായി ബാധിക്കുകയാണ്. അധികൃതർ മലിനീകരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്ന് പൂവത്തുക്കരി പാടശേഖര സമിതി സെക്രട്ടറി ബി. റെജി, പ്രസിഡന്റ് പ്രദീപ് കുന്നത്താപ്പള്ളി, കർഷകരായ അശോകൻ കാട്ടിളത്ത്, ഫിലിപ്പ്, ജനാർദ്ദനൻ നായർ എന്നിവർ പറഞ്ഞു.