കോട്ടയം: മുൻ മന്ത്രിയും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.സി ജോസഫ് 2049ൽ ശതാബ്ദിയിലേക്ക് കടക്കുന്ന കോട്ടയത്തിന്റെ വികസന കാഴ്ചപ്പാടുകൾ കേരളകൗമുദിയുമായി പങ്കുവെയ്ക്കുന്നു. കോട്ടയം കോർപ്പറേഷനാക്കണം. വികസനത്തിൽ രാഷ്ടീയം കലർത്തുന്നതാണ് വികസനപദ്ധതികളിൽ തിരിച്ചടിയാകുന്നതും കോട്ടയത്തെ പിന്നോട്ടടിയ്ക്കുന്നതും. കോടിമത പാലം, ആകാശ പാത തുടങ്ങിയവ ഉദാഹരണം . ഇതിന് മാറ്റം വരണം. 75 വർഷത്തെ വികസനത്തിൽ കുതിപ്പ് കാണാനില്ല. കോട്ടയം നഗരത്തിന്റെ ചുറ്റുപാടുകൾ വികസിച്ച സാഹചര്യത്തിൽ കോട്ടയത്തെ കോർപ്പറേഷനാക്കി മാറ്റണം. വികസനമുരടിപ്പിന് ഏതെങ്കിലും രാഷ്ടീയ നേതൃത്വത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സി.പിഎം നേതാവ് ടി.കെ.രാമകൃഷ്ണൻ മന്ത്രിയായിട്ടും കാര്യമായ വികസനം ഉണ്ടായിട്ടില്ല. ടൂറിസത്തിന്റെ കാര്യത്തിൽ കുമരകം ലോക ഭൂപടത്തിൽ എത്തിയെങ്കിലും വൻകിട റിസോർട്ട് വികസനമേ ഉണ്ടായിട്ടുള്ളൂ.
വ്യവസായ മേഖലയിൽ പിന്നാക്കം
വ്യവസായ മേഖലയിലെ വികസനത്തിൽ ജില്ല പിന്നാക്കമാണ്. ഇലക്ട്രോ കെമിക്കൽസ് പൂട്ടി. കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പാരംഭിച്ച നാട്ടകം സിമന്റ്സ് ഏന്തിവലിഞ്ഞാണ് മുന്നോട്ടുപോകുന്നത്. റബറുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്ല. ഇതിനു മാറ്റം വരണം.
ഗതാഗതകുരുക്ക് തലവേദന
ഗതാഗതകുരുക്കാണ് കോട്ടയത്തെ അലട്ടുന്ന പ്രധാന പ്രശ്നം. മേഴ്സി രവി കോട്ടയം എം.എൽ എയായിരുന്നപ്പോൾ ജനവാസ മേഖല ഒഴിവാക്കി പാടങ്ങളിലൂടെ കടന്നുപോകുന്ന കോട്ടയം ,കുമരകം ,ചേർത്തല ഗ്രീൻ ഫീൽഡ് റോഡ് വിഭാവന ചെയ്തു സ്ഥലമെടുപ്പ് വരെ നടത്തി. കുമരകത്തിന്റെ വികസനത്തെ ഏറെ സഹായിക്കുമായിരുന്ന പദ്ധതി ഭരണമാറ്റത്തോടെ വെളിച്ചം കണ്ടില്ല. ഇടുങ്ങിയ എം.സി റോഡിനും കെ.കെ റോഡിനുമപ്പുറം വിശാലമായ പുതിയ ദേശീയപാത ഇന്നും കോട്ടയത്തിന്റെ സ്വപ്നമാണ് .കോടിമത മണിപ്പുഴ റോഡ് കൊടുരാറിന്റെ തീരത്തു കൂടി കൊല്ലാട് വഴി കെ .കെ.റോഡിൽ മുട്ടിച്ചാൽ നഗരം ചുറ്റാതെയുള്ള പ്രധാന ബൈപാസാകും.