thirakku

മുണ്ടക്കയം: കോസ് വേ പാലത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടൗണിൽ ഉണ്ടാവുന്ന ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ പുതിയ പരിഷ്കാരങ്ങളുമായി ട്രാഫിക് കമ്മറ്റി. ഗ്രാമപഞ്ചായത്ത് ഹാളിൽ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പ്രസിഡന്റ്‌ രേഖാ ദാസ്, വൈസ് പ്രസിഡന്റ്‌ ഷീല ഡോമിനിക്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി.വി അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ ഷാഹുൽ, മുണ്ടക്കയം, പെരുവന്താനം സ്റ്റേഷനുകളിലെ പൊലീസ് ഓഫീസർമാർ, കാഞ്ഞിരപ്പള്ളി ആർ. ടി. ഒ, പൊതുമരാമത്താ ഉദ്യോഗസ്ഥർ, വ്യാപാര, വാഹന, ഓട്ടോ സംഘടനാ പ്രതിനിധികൾ
എന്നിവർ പങ്കെടുത്തു. കോസ്‌വേ പാലത്തിന്റെ പണി തുടങ്ങിയ അന്നുമുതൽ മണിക്കൂറുകളാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്.
തീരുമാനങ്ങൾ ഇങ്ങനെയാണ്
കല്ലേപ്പാലം മുതൽ പൈങ്ങന വരെയുള്ള പാർക്കിംഗ് നിരോധിച്ചു.

കോരുത്തോട്നിന്നു വരുന്ന ബസും, വലിയ വാഹനങ്ങളും വണ്ടൻപതാൽ 35ാം മൈൽ വഴി മുണ്ടക്കയത്ത് എത്തിച്ചേരണം.

എരുമേലി ഭാഗത്തുനിന്നും ഹൈറേഞ്ചിലേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ വരിക്കാനി കവലയിൽ നിന്നും തിരിഞ്ഞ് വണ്ടൻപതാൽ വഴി 35ാം മൈലിൽ എത്തണം.

കോസ് വേ ബൈപാസ് പൂർണ്ണമായി ഉപയോഗിക്കുന്നതിന് കോസ്‌വേ ജംഗ്ഷനിലും പൈങ്ങനായിലും പൊലീസിനെ നിയോഗിക്കും. രാവിലെ എട്ടുമണി മുതൽ 10 മണി വരെയും ഉച്ചകഴിഞ്ഞു 3 മണി മുതൽ 5 മണി വരെയും ആണ് പൊലീസിന്റെ സേവനം.
ചെറുവാഹനങ്ങൾ റ്റി. ബി ജംഗ്ഷനിൽ നിന്നും ലത്തീൻ പള്ളി ഗ്രൗണ്ടിലൂടെ ബൈപാസിലേക്ക് പ്രവേശിക്കുന്നതിന് അനുമതി തേടും. മേഖലയിൽ മുന്നറിയിപ്പ് സൂചനാ ബോർഡുകൾ സ്ഥാപിക്കും. കല്ലേപ്പാലം മുതൽ വരിക്കാനി കവല വരെയുള്ള റോഡ് കയ്യേറ്റവും പാർക്കിംഗും ഒഴിവാക്കും