പാലാ: ഈ കുട്ടികൾക്കിതെന്തുപറ്റി... പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളിൽ രാവിലെയും വൈകിട്ടും കമിതാക്കളായ സ്കൂൾ, കോളേജ് കുട്ടികളുടെ ചുറ്റിക്കളികൾ കണ്ട് മടുത്ത യാത്രക്കാരും വ്യാപാരികളും പരസ്പരം ചോദിക്കുന്നു. ബസ് ടെർമിനലിന്റെ മുകൾ നിലയിലേക്ക് കടന്നുചെല്ലാൻ പറ്റാത്ത അവസ്ഥയാണത്രേ. പരിസരം പോലും മറന്ന് കമിതാക്കൾ ഇവിടം കയ്യടക്കിയിരിക്കുന്നു. ഇവിടെയെത്തുന്ന കമിതാക്കളിൽ കൂടുതലും 15നും 20നും ഇടയിലുള്ളവരാണെന്ന് അറിയുമ്പോൾ ആരും ഞെട്ടിപ്പോകും. പട്ടാപ്പകൽ നടക്കുന്ന അതിരുവിട്ട ചുറ്റിക്കളികൾ സമീപത്തെ വ്യാപാരികളും യാത്രക്കാരും കണ്ടു മടുത്തു. ഇവരോട് തങ്ങൾക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. എന്തെങ്കിലും പറഞ്ഞാൽ അവസാനം വാദി പ്രതിയാകുമോയെന്നാണ് ഭയം.
ബസ് ടെർമിനലിലെ നടുവിലുള്ള ഗോവണിയിലൂടെ മുകളിലേക്ക് കയറിപ്പോകുന്ന കമിതാക്കൾ മുകൾനിലയിലെ പല ഭാഗങ്ങളും കയ്യടക്കിയിരിക്കുകയാണ്. ഏറ്റവും മുകൾ നിലയിൽ ഉപയോഗശൂന്യമായ സ്ഥലം തങ്ങൾക്ക് സുരക്ഷിതമാണെന്ന് കരുതിയാണത്രേ കമിതാക്കൾ അവിടേക്ക് കടന്നു ചെല്ലുന്നത്. ഇവിടെ മദ്യക്കുപ്പികളും മറ്റും കാണാം.
എയ്ഡ് പോസ്റ്റില്ല, ആരോട് പരാതി പറയാൻ
കൊട്ടാരമറ്റം ബസ് ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം പാലാ നഗരസഭാ കൗൺസിൽ ഒന്നടങ്കം പലതവണ ഉയർത്തിക്കൊണ്ട് വന്നിട്ടുള്ളതാണ്. ഇതു സംബന്ധിച്ച് നഗരസഭയുടെ പ്രമേയം ഉയർന്ന പൊലീസ് അധികാരികൾക്ക് സമർപ്പിക്കുകയും ചെയ്തതാണ്. എന്നാലും ഒരു പ്രയോജനവും ഉണ്ടായില്ല. മുമ്പ് കെ.പി. ടോംസൺ പാലായിൽ സി.ഐ. ആയിരിക്കെ ഇത് സംബന്ധിച്ച് പരാതി ഉയരുകയും പലതവണ അദ്ദേഹം മഫ്തിയിൽ ബസ് ടെർമിനലിനുള്ളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇത് വാർത്തയായതോടെ വിദ്യാർത്ഥികളുടെ ചുറ്റിക്കളികൾക്ക് ഒരറുതി വന്നതാണ്. എന്നാലിപ്പോൾ മുമ്പത്തേക്കാൾ കൂടുതലാണ് ഇവരുടെ ഇടപാടുകൾ.
''കോവളത്തും മറ്റും അർദ്ധനഗ്‌നരായ സ്ത്രീകളും പുരുഷൻമാരും വെയിൽ കാഞ്ഞ് കിടക്കുന്നത് പലർക്കുമൊരു കാഴ്ചയാണ്. എന്നാൽ ഇതിനപ്പുറമാണ് കൊട്ടാരമറ്റം ബസ് ടെർമിനലിൽ നടക്കുന്ന ചില സംഭവങ്ങൾ. പലപ്പോഴും ഞങ്ങൾ ഇത്തരം നടപടികളിലേർപ്പെടുന്ന വിദ്യാർത്ഥികളെ ഓടിക്കാറുണ്ട്. എന്നാൽ സദാചാര പൊലീസ് എന്ന വിമർശനം വരുന്നതിനാൽ ഇപ്പോൾ ഞങ്ങളും കണ്ണടയ്ക്കുകയാണ്''. ബസ് സ്റ്റാന്റിലെ ഒരു ജീവനക്കാരൻ തുറന്നു പറഞ്ഞു.