kkk1

കോട്ടയം: പാചകവാതക സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറപ്പാക്കാൻ നിർദേശിച്ച ഇ.കെ.വൈ.സി അപ്‌ഡേഷന് ഗ്യാസ് എജൻസികളിൽ വൻതിരക്ക്. അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും വലിയതോതിലാണ് ഉപഭോക്താക്കൾ ഏജൻസികളിലേയ്ക്ക് എത്തുന്നത്. മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ അടുത്ത മാസം മുതൽ ഗ്യാസ് ലഭിക്കില്ലെന്ന് വാർത്ത പ്രചരിച്ചതും തിരക്കിന് കാരണമായി. കൂടുതൽസമയം ക്യൂവിൽ നിൽക്കേണ്ടിവരുന്നത് വയോധികരെയും രോഗികളെയും വലയ്ക്കുന്നുണ്ട്. പ്രായമായവരുടെ പേരിലാണ് ഭൂരിഭാഗം കണക്ഷനുകളും. അതിനാൽ ഇവർ നേരിട്ട് ഏജൻസി ഓഫിസുകളിൽ എത്തണം. ഓൺലൈനിലൂടെ വിവരങ്ങൾ പുതുക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിർന്നവർക്ക് ഇതിന് കഴിയാത്ത സ്ഥിതിയാണ്.

തടസങ്ങളേറെ

അധാർ സൈറ്റ് ഉപയോഗിച്ചാണ് ഓൺലൈൻ മസ്റ്ററിംഗ്

ഇൻർനൈറ്റ് തടസപ്പെടുന്നത് നടപടികൾ വൈകിക്കുന്നു

മസ്റ്ററിംഗ് നടത്തുന്നവരിൽ ഏറെയും ബുക്കിലെ പേര് മാറ്റണം

ഉടമ മരിച്ചെങ്കിലും പേര് മാറ്റാത്ത ആളുകളേറെ

സന്ദേശം ലഭിക്കും

അപ്‌ഡേഷൻ പൂർത്തിയാകുമ്പോൾ കണക്ഷൻ എടുത്തവേളയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ.കെ.വൈ.സി അപ്‌ഡേറ്റഡ് സന്ദേശം ലഭിക്കും. കണക്ഷൻ എടുത്തവർ വിദേശത്തോ, കിടപ്പുരോഗിയോ ആണെങ്കിൽ മറ്റൊരാളുടെ പേരിൽ കണക്ഷൻ മാറ്റി വേണം മസ്റ്ററിംഗ് നടത്താൻ. മരണപ്പെട്ടവരുടെ പേരിലാണ് കണക്ഷനെങ്കിൽ അവകാശിയുടെ പേരിലേക്ക് മാറ്റിവേണം മസ്റ്ററിംഗ് പൂർത്തിയാക്കാൻ.

കൈവശം കരുതണം.

ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർകാർഡ്, റേഷൻ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോൺ എന്നിവ ഉപഭോക്താക്കൾ കൈവശം കരുതണം.

കമ്പനിയുടെ ആപ്പും ഉപയോഗിക്കാം

കമ്പനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്‌നേഷൻ ആപ്പും ഡൗൺലോഡ് ചെയ്യണം. ഇതിലൂടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ആപ്പിൽ തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കിയെന്ന സന്ദേശം ലഭിക്കും.