പാലാ: വലിയപാലത്തിന് സമീപം റിവർവ്യൂ റോഡിനോട് ചേർന്ന് ഇടിഞ്ഞ ഭാഗത്ത് അപകടസൂചനയായി വച്ചിരിക്കുന്ന വീപ്പകൾ അടിച്ചുമാറ്റുന്നത് ആക്രികച്ചവടക്കാർ.
പലതവണ ഇവിടെ പി.ഡബ്ല്യ.ഡി ഉദ്യോഗസ്ഥർ വീപ്പകൾ സ്ഥാപിച്ചിരുന്നു. ഇവ വാഹനങ്ങൾ തട്ടി റോഡരികിലെ കുഴിയിലേക്ക് വീഴുമായിരുന്നു. പിന്നീട് മോഷണംപോവുകയാണ്. ഇന്നലെ ''കേരള കൗമുദി'' ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് നഗരത്തിലെ ചിലർ അറിയിച്ച സൂചനയനുസരിച്ച് ചില ആക്രി കച്ചവടക്കാരാണ് ഈ വീപ്പകൾ കടത്തിക്കൊണ്ട്പോകുന്നതെന്നാണ് വിവരം. വാഹനമിടിച്ച് ചളുങ്ങിപ്പോയ വീപ്പകൾ ആക്രിക്കച്ചവടക്കാർ അടിച്ചുമാറ്റുകയാണത്രേ.
നിലവിൽ നിർമ്മാണം നിലച്ചിരിക്കുന്ന റിവർവ്യൂ റോഡിനോട് ചേർന്നാണ് റോഡിന്റെ ഒരുവശം ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടത്. സ്ഥലത്ത് വീപ്പകൾ നിരത്തി അപകടമൊഴിവാക്കാൻ പി.ഡബ്ല്യു.ഡി. അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലവത്താകുന്നില്ല.
ആക്രികച്ചവടക്കാരെക്കുറിച്ച് സൂചന കിട്ടി
അപായ സൂചന നൽകി പി.ഡബ്ല്യു.ഡി. അധികാരികൾ സ്ഥാപിച്ച വീപ്പകൾ ആക്രികച്ചവടക്കാർ മോഷ്ടിക്കുന്നതായി ചിലർ കൃത്യമായ സൂചനകൾ നൽകിയതായി പാലാ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. ഈ വിവരം പി.ഡബ്ല്യു.ഡി. അധികൃതരെ താൻ അറിയിച്ചിട്ടുണ്ടെന്നും ബൈജു പറഞ്ഞു.