aaa

കോട്ടയം: കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ കർഷകരുടെ പ്രതീക്ഷകളെയാണ് തകിടംമറിച്ചത്. നാടൻപച്ചക്കറി കൃഷിയെ പാടേ തകർത്തെന്ന് പറയാം. ഇതോടെ ഓണക്കാലത്ത് പൂർണമായും മറുനാടൻ പച്ചക്കറിയെ ആശ്രയിക്കേണ്ടിവരും. കനത്ത ചൂടിനൊപ്പം മഴയുടെ ഏറ്റക്കുറച്ചിലാണ് കർഷകർക്ക് വിനയായത്. മഴ എന്നുമാറുമെന്ന് ഉറപ്പില്ലാത്തതിനാൽ തത്കാലം പച്ചക്കറി കൃഷി ചെയ്യേണ്ടെന്നാണ് കർഷകരുടെ നിലപാട്.

വരവ് പച്ചക്കറികളുടെ വില കുതിക്കുമ്പോഴും നാടൻപച്ചക്കറികൾ കിട്ടാനില്ല. ഇതിനിടെയാണ് ചൂടിൽ കരിഞ്ഞും മഴയത്ത് വെള്ളക്കെട്ടിൽ ചീഞ്ഞും നാടൻ പച്ചക്കറികൃഷി വൻതോതിൽ നശിച്ചത്. വഴുതന, അച്ചിങ്ങപ്പയർ, പാവയ്ക്ക, പടവലങ്ങ തുടങ്ങിയവയുടെ ഉത്പാദനത്തെയാണ് ഇത് വലിയതോതിൽ ബാധിച്ചത്. സാധാരണ ഇവയ്ക്ക് ഈസമയം വിപണിയിൽ വില കുറയുന്നതാണ്. എന്നാൽ ഇപ്പോൾ ഇവയുടെ വില മാനത്താണ്.

സർക്കാരിൻ്റെ പദ്ധതിയും സ്വാഹ

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് രണ്ട് ലക്ഷം പായ്ക്കറ്റ് വിത്തുകളാണ് വിതരണം ചെയ്തത്. ഇവയുടെ കൃഷിയിൽ ഏറെയും നശിച്ചു. വളർച്ചക്കുറവ്, ചീയൽ രോഗം എന്നിവ ബാധിച്ചിട്ടുണ്ട്. മഴയുടെ കരുത്തുകുറഞ്ഞാലേ പച്ചക്കറിക്കൃഷിയിൽ നേട്ടം ഉണ്ടാവൂ. കാലാവസ്ഥാ വ്യതിയാനം, വളം, കീടനാശിനികൾ എന്നിവയുടെ വില വർദ്ധന, കൂലിവർദ്ധന, ഉത്പന്നങ്ങൾക്കു വില ലഭിക്കാത്ത അവസ്ഥ തുടങ്ങിയ കാരണങ്ങൾ കർഷകരെ പച്ചക്കറിക്കൃഷിയിൽ നിന്ന് അകറ്റുകയാണ്.

കർഷകർക്ക് പെടാപ്പാട്

കനത്ത ചൂടും പിന്നാലെയുള്ള മഴയും

 അടുത്തയാഴ്ച മഴ വീണ്ടും ശക്തമായേക്കും

മഴ കനത്താൽ കൃഷി വീണ്ടും പ്രതിസന്ധിയിലാകും

മഴയിൽ കൂടുതൽ നശിച്ചത് വാഴയും പച്ചക്കറിയും

നശിച്ചത് 60.4 ലക്ഷത്തിന്റെ കൃഷി

ഏത്ത വാഴ കർഷകരുടെ കാര്യം കഷ്ടമാണ്. നാടൻ പച്ചക്കറി കിട്ടാനില്ല.

ജോസഫ് ജോൺ, കർഷകൻ