കോട്ടയം : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയാൽ യാത്രക്കാരെ സ്വീകരിക്കുന്നത് തല പെരുക്കുന്ന ദുർഗന്ധമാണ്. കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം സെപ്റ്റിക് ടാങ്കിന്റെ വാൽവ് തുറന്ന് ഒഴുക്കിവിടുന്നതാണ് ദുർഗന്ധത്തിന് കാരണം. വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി എത്തിയ യാത്രക്കാർ പാർക്ക് ചെയ്തിരിക്കുന്ന ബസിൽ കയറിയാൽ മൂക്കുംപൊത്തി കഴിയേണ്ട അവസ്ഥയാണ്. ബസ് സ്റ്റാർട്ട് ചെയ്ത് സ്റ്റാൻഡ് വിടുമ്പോഴാണ് യാത്രക്കാരുടെ തലയുടെ പെരുപ്പ് മാറുന്നത്. ആകാശത്ത് മഴക്കാറു കണ്ടാലുടനെയാണ് പ്രധാനമായും മാലിന്യം തുറന്നുവിടുന്നത്. ഇവിടെ നിന്നും തുറന്നു വിടുന്ന മാലിന്യം മഴവെള്ളവുമായി കൂടിക്കലർന്ന് സ്റ്റാൻഡ് പരിസരത്തെല്ലാം കെട്ടിക്കിടക്കുന്നു. സ്റ്റാൻഡിലെ പതിവുകാഴ്ചയാണിത്. ഈ ദുർഗന്ധത്തിന്റെയും കെട്ടിക്കിടക്കുന്ന മലിനജലത്തിന്റെ ദുരിതത്തിൽ വേണം യാത്രക്കാരനും ജീവനക്കാർക്കും സ്റ്റാൻഡിലെത്താൻ. എന്നിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല. സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷനിലെ മലിനജലം പമ്പിന് സമീപത്തേയ്ക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഇത് പലഭാഗങ്ങളിലേക്ക് ഒഴുകിയെത്തി പരിസരമാകെ
നിറയും. മൂക്കുപൊത്തിയാലും രക്ഷയില്ലാത്ത അവസ്ഥ. ബസിനടുത്തേക്ക് എത്തണമെങ്കിൽ ഇതൊക്കെ ചിലപ്പോൾ ചവിട്ടേണ്ടി വരും. പകർച്ചവ്യാധികളടക്കം പടരുമ്പോഴാണ് നഗരഹൃദയത്തിലെ ഈ തോന്ന്യാസം.
പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ വന്നു പോകുന്ന സ്റ്റാൻഡാണിത്. ഇരുചക്ര വാഹന പാർക്കിംഗ് ഭാഗത്തേക്ക് അടക്കം മാലിന്യം ഒഴുകിയെത്തിയതിനാൽ പലരും റോഡ് പാർക്കിംഗ് കേന്ദ്രമാക്കി. തുറസായ പ്രദേശമായതിനാൽ പക്ഷികളടക്കം മലിനജലത്തിൽ ഇരിക്കുകയാണ്.
മണ്ണിട്ട് മൂടി തടിതപ്പൽ
പൊതുടോയ്‌ലെറ്റുകളുടെ കരാറെടുത്തവരാണ് മാലിന്യം ഒഴുക്കുന്നതെന്നാണ് ആരോപണം. മുൻപും സമാനസംഭവമുണ്ടായിട്ടുണ്ട്. നിരവധിയാളുകൾ മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന തിയേറ്റർ റോഡിലേയ്ക്കും മാലിന്യം ഒഴുക്കിവിടുന്നുണ്ട്. പ്രശ്നം രൂക്ഷമായതോടെ ജില്ലാ കളക്ടർ, നഗരസഭാധികൃതർ എന്നിവർക്ക് ജീവനക്കാർ പരാതി നൽകിയതിനെ തുടർന്ന് കരാറുകാർ താത്കാലികമായി മണ്ണിട്ട് മൂടി തടിതപ്പിയെന്നാണ് ആക്ഷേപം.