chennithala

പാലാ: വളരെ ചെറുപ്പത്തിലേ ഹരിപ്പാട് നിന്ന് അസംബ്ലിയിലേക്ക് മത്സരിക്കാൻ എനിക്ക് സീറ്റ് വാങ്ങിത്തന്നത് എം.എം. ജേക്കബ് സാറാണെന്ന് രമേശ് ചെന്നിത്തല. യുവ നേതൃത്വത്തെ വളർത്തിക്കൊണ്ടു വരുവാൻ നിലപാട് സ്വീകരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പാർലമെന്ററികാര്യ മന്ത്രി, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, ജല വിഭവകുപ്പ് മന്ത്രി എന്നീ നിലയിൽ പ്രവർത്തിക്കുകയും 12 വർഷം മേഘാലയയുടെ ഗവർണറുമായ ജേക്കബ്, എല്ലാ മേഖലയിലും കഴിവ് തെളിയിച്ചു. പാർലമെന്ററികാര്യ മന്ത്രിയായിരിക്കെ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഒന്നിച്ചു കൊണ്ടുപോകുന്നതിന് അസാമാന്യ കഴിവ് പ്രദർശിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എം.എം. ജേക്കബ്ബിന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് രാമപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ടോമി കല്ലാനി, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, രാമപുരം സി.ടി. രാജൻ, ജയ ചന്ദ്രഹാസൻ, മോളി പീറ്റർ, റോബി ഊടുപുഴ എന്നിവർ പ്രസംഗിച്ചു.