കോട്ടയം: വീടിന് തീപിടിച്ചു, അടുക്കള പൂർണമായി കത്തിനശിച്ചു. നീണ്ടൂർ പഞ്ചായത്ത് പത്താം വാർഡിൽ കൈപ്പുഴ മേൽക്കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിതാഴേവീട് തങ്കച്ചൻ.ഗീത ദമ്പതികളുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സംഭവസമയം തങ്കച്ചനും കുടുംബവും പള്ളിയിൽ പോയിരിക്കുകയായിരുന്നു. വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് എന്നിവയുടെ കേബിളിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപടരാൻ കാരണം. വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികൾ കോട്ടയം അഗ്നിശമനസേനാ യൂണിറ്റിനെ വിവരമറിയിച്ചു. എ.എസ്.ടി.ഒ എസ്.പി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ പൂർണമായി അണച്ചു. വീടിന്റെ ജനൽ തകർത്താണ് വെള്ളം പമ്പ് ചെയ്തത്. പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിയതിനാൽ വലിയതോതിലുള്ള പുകയും പ്രദേശത്ത് നിറഞ്ഞു. ഗ്രേഡ് എസ്.എസ്.ടി.ഒ കെ.ബി റെജിമോൻ, ഗ്രേഡ് എസ്.എഫ്.ആർ.ഒ എസ്.എസ് സജിൻ, എഫ്.ആർ.ഒമാരായ സജീഷ്, ബിബിൻരാജ്, എഫ്.ആർ.ഒ.ഡി അഭിലാഷ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.