brdge

കോട്ടയം: അപകടഭീഷണിയൊരുക്കി ആമ്പക്കുഴി പാലം. ഏതു സമയത്തും ആറ്റിലേക്ക് നിലംപൊത്താവുന്ന തരത്തിൽ പാലം അപകടാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. കുമരകം റോഡിൽ ആമ്പക്കുഴി ഭാഗത്ത് നിന്നും വിവിധ പ്രദേശങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വേഗത്തിൽ എത്തിച്ചേരാൻ പ്രദേശവാസികൾ ഉപയോഗിക്കുന്ന പാലമാണിത്. 55 വർഷം മുൻപാണ് പാലം നിർമ്മിച്ചത്. പിന്നീട് പാലം നാട്ടുകാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും അടിത്തറയിൽ മാറ്റം വരുത്തിയിരുന്നില്ല. അപകട ഭീഷണിയെ തുടർന്ന് പഞ്ചായത്തിൽ നിന്നും വാഹനഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

രണ്ട് വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം
തിരുവാർപ്പ്, ചെങ്ങളം എന്നീ രണ്ട് വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ, വാട്ടർ അതോറിറ്റി പമ്പ് ഹൗസ്, ചെങ്ങളത്തുകാവ് ദേവീക്ഷേത്രം, ദേവാലയങ്ങൾ, മഠങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ഉപയോഗിക്കുന്ന സഞ്ചാരമാർഗമാണിത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വേഗത്തിൽ എത്തിച്ചേരാനും സഹായിച്ചിരുന്ന പാലമാണ് അപകടഭീഷണി നേരിടുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്‌മി പ്രസാദ്, കെ.ആർ അജയ്, ഹസീദാ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശവാസികൾ മന്ത്രി വി.എൻ വാസവന് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി.എൻ വാസവൻ സ്ഥലം സന്ദർശിച്ചു.

പ്രദേശവാസികളുടെ യാത്ര സുഗമമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കും. എസ്റ്റിമേറ്റ് തയ്യാറാക്കി, എത്രയും വേഗം പുതിയ പാലം നിർമ്മിക്കും.( മന്ത്രി വി.എൻ വാസവൻ).