മുണ്ടക്കയം: മുണ്ടക്കയത്തുകൂടി കടന്നുപോകുന്ന കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടത് അപകടക്കെണിയായി. പൈങ്ങനയ്ക്കു സമീപമുള്ള കൊടുംവളവിലും കല്ലേൽപാലത്തിന്റെ തുടക്കത്തിലും റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമാരംഭിച്ചതോടെ റോഡിലൂടെ മഴവെള്ളം കുത്തിയൊലിക്കുന്നതാണ് റോഡ് തകരാൻ കാരണം. ഒാടകളില്ലാത്തതിനാലാണ് മഴവെള്ളം റോഡിലേക്ക് കയറി ഒഴുകാൻ ഇടയാക്കുന്നത്. നിരവധി അപകടങ്ങളാണ് കുഴികളിൽ വാഹനങ്ങൾ അകപ്പെട്ട് സംഭവിക്കുന്നത്. പ്രധാനമായും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. അപകടം പതിവാകുമ്പോഴുണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്ത് അധികൃതരെത്തി കണ്ണിൽ പൊടിയിടാനെന്ന രീതിയിൽ താത്കാലിക കുഴിയടയ്ക്കൽ നടത്തി പോവുകയാണ് പതിവ്. ഒരാഴ്ച പിന്നിടുംമുമ്പ് ഇതു തകരുകയും ചെയ്യും. കുഴി അടച്ച ഭാഗത്ത് വീണ്ടും ടാറിംഗ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയുമാണ്. പൈങ്ങനയിലെ കൊടുംവളവിൽ വാഹനങ്ങൾ കുഴിയിൽ വീഴാതെ വെട്ടിച്ചുമാറ്റുമ്പോൾ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാറുണുണ്ട്. മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കുഴിയുടെ വ്യാപ്തി മനസിലാക്കാൻ ഡ്രൈവർമാർക്ക് തടസമാവുന്നു. ഒരു ദിവസം നാലും അഞ്ചും പൈങ്ങനയിലെ കൊടുംവളവിൽ നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രിയിലും മഴ പെയ്യുന്ന സമയങ്ങളിലുമാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. കല്ലേൽപ്പാലത്തിന്റെ മുണ്ടക്കയത്തുനിന്നുള്ള തുടക്കഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴപെയ്താൽ ഈ ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നതാണ് കുഴികളുണ്ടാവാൻ കാരണം.