കോട്ടയം: കർഷകരുടെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചാണ് കൊക്കോ മരങ്ങളിൽ ഫംഗസ് രോഗബാധ പടരുന്നു. കാലവർഷം ആരംഭിച്ചതോടെ ബ്ലാക്ക് പോഡ് എന്ന രോഗമാണ് വ്യാപകമായത്. രോഗബാധ ഉത്പാദനം കുറയ്ക്കുമെന്ന ആശങ്കയുമുണ്ട്. മൂപ്പെത്തും മുമ്പേ കറുത്തപുള്ളികൾ ബാധിച്ചു കായകൾ കൊഴിഞ്ഞുവീഴുന്നതാണ് രോഗലക്ഷണം. ഏതാനും വർഷം മുമ്പും ജില്ലയിൽ ഈ രോഗം കണ്ടെത്തിയിരുന്നു. ഇതിനിടെ അണ്ണാന്റെയും എലിയുടെയും ശല്യം കർഷകർക്ക് പ്രതികൂലമാകുന്നുണ്ട്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വില എത്ര ഉയർന്നാലും അതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാകും.
ചെലവ് കുറവ്, കർഷകർക്ക് പ്രിയം
സമീപകാലത്ത് നിരവധി കർഷകർ റബർ കൃഷി മതിയാക്കി കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. വലിയ മുതൽമുടക്ക് വേണ്ട എന്നതും കർഷകരെ ആകർഷിച്ചു. വേനൽക്കാലത്തെ പരിപാലനം മാത്രമാണ് വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ കൊക്കോ വില ഒരു പരിധിയിൽ കൂടുതൽ ഉയരാൻ ഇടയില്ലെന്ന് വ്യാപാരികൾ പറയുന്നു. ചോക്ലേറ്റ് കമ്പനികൾ വില ഉയർത്താതിരിക്കാൻ ശ്രമിക്കുന്നതായും ഇവർ പറയുന്നു.
മൂന്നു മാസം മുമ്പ് റെക്കോഡ് വില
മൂന്നു മാസം മുമ്പ് ഉണക്ക കൊക്കോയുടെ വില 1070 രൂപയിലെത്തിയിരുന്നു. ഏതാനും ദിവസമാണു വില ഉയർന്ന് നിന്നതെങ്കിലും നിരവധി കർഷകർക്ക് പ്രയോജനം ലഭിച്ചിരുന്നു. പിന്നീട്, കൂപ്പുകുത്തിയ വില 400, 450 രൂപയിലെത്തി. രണ്ടാഴ്ച മുമ്പ് വില 600 രൂപയിലെത്തിയെങ്കിലും 500, 550 രൂപയായി കുറഞ്ഞു. പച്ചകൊക്കോയ്ക്ക് 120 രൂപയാണ് വില.
രോഗബാധയെ പ്രതിരോധിക്കാൻ കൃഷി വകുപ്പിന്റെ അടിയന്തിര ഇടപെടൽ വേണം. (കർഷകർ)