പാലാ: മാണി സി. കാപ്പൻ എം.എൽ.എയ്‌ക്കെതിരേ പാലാ നഗരത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ. യൂത്ത് ഫ്രണ്ട് (എം) പാലാ യൂണിറ്റാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. ഇതിനെതിരേ യു.ഡി.എഫ് നേതാക്കൾ പാലാ പൊലീസിൽ പരാതി നൽകി. ഇതേസമയം ഫ്‌ളക്‌സ് ബോർഡുകൾ കീറി നശിപ്പിക്കാൻ യു.ഡി.എഫ്. നടത്തിയ നീക്കം പൊളിഞ്ഞുപോയി. വിവരം ചോർന്നു കിട്ടിയ യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ സംഘടിച്ചതോടെ യു.ഡി.എഫ് പ്രവർത്തകർ പിൻവലിയുകയായിരുന്നു.

എം.എൽ.എ ഓഫീസിലെ ഒരു ജീവനക്കാരന്റെ അതിരുവിട്ട ആവേശമാണ് വിവരം ചോരാനിടയായതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

ഇത് അപലപനീയം: യു.ഡി.എഫ്.

രാത്രിയുടെ മറവിൽ പാലാ നഗരത്തിലുടനീളം രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾ ഉയർത്തുന്നത് അപലപനീയമാണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ വലിയ ഭൂരിപക്ഷമാണ് കേരള കോൺഗ്രസിനെയും ഇടതുമുന്നണിയും വിറളി പിടിപ്പിക്കുന്നതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു. എംഎൽഎയെ വ്യക്തിഹത്യ ചെയ്യുന്ന ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ പൊലീസ് നിയമനടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് നേതാക്കളായ നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി , കോൺഗ്രസ് നേതാക്കളായ അഡ്വ. സന്തോഷ് മണർകാട്, തോമസ് ആർ വി ജോസ് എന്നിവർ ചേർന്ന് പാലാ പൊലീസിൽ പരാതി കൊടുത്തത്.


ഞങ്ങൾ വച്ച ബോർഡ് നശിപ്പിക്കാൻ എന്തവകാശം

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ മാണി സി. കാപ്പൻ എം.എൽ.എ. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് നശിപ്പിക്കാൻ യു.ഡി.എഫിന് എന്താണധികാരമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ പയ്യപ്പള്ളി ചോദിക്കുന്നു. ജനാധിപത്യത്തിലുള്ള അവകാശമാണ് ഞങ്ങൾ വിനിയോഗിച്ചത്. ഇതിൽ യു.ഡി.എഫ്. വിറളി പിടിക്കേണ്ട കാര്യമില്ലെന്നും സുനിൽ പയ്യപ്പള്ളി പറഞ്ഞു.

ഫേട്ടോ അടിക്കുറിപ്പ്

പാലായിൽ മാണി സി. കാപ്പനെതിരെ യൂത്ത്ഫ്രണ്ട് (എം) സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ്

യു.ഡി.എഫ്. പ്രവർത്തകർ ഫ്‌ളക്‌സ് ബോർഡ് കീറുമെന്ന വിവരം ലഭിച്ചതോടെ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ഉൾപ്പെടെയുള്ളവർ പാലാ നഗരസഭാ കാര്യാലയത്തിന് മുന്നിലെ ഫ്‌ളക്‌സ് ബോർഡിന് സമീപം എത്തിയപ്പോൾ.