jose-

കോട്ടയം: മുൻ കോട്ടയം എം.പിയും ഇപ്പോൾ രാജ്യസഭാംഗവുമായ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി 2049ൽ ശതാബ്ദി ആഘോഷിക്കുന്ന കോട്ടയം എങ്ങനെയായിരിക്കണമെന്ന് കേരളകൗമുദിയോട് പ്രതികരിക്കുന്നു.

റോഡുകൾ വികസിപ്പിക്കുന്നതിനും പുതിയ റെയിൽവേ ലൈനും സ്ഥലം ലഭിക്കാത്ത സാഹചര്യത്തിൽ കോട്ടയത്ത് എലിവേറ്റഡ് ഹൈവേ,എലിവേറ്റഡ് റെയിൽവേ ലൈനിനെക്കുറിച്ച് ആലോചിക്കണം. മറ്റു സംസ്ഥാനങ്ങളിലുള്ള ഓട്ടോമാറ്റിക് സ്വിച്ചിംഗ് സംവിധാനം നടപ്പാക്കിയാൽ പിടിച്ചിടുന്നത് ഒഴിവാക്കി നിലവിലുള്ള ലൈനിലൂടെ തുടരെ ട്രെയിൻ വേഗത്തിൽ ഓടിക്കാൻ കഴിയും. എം.പി, എം.എൽ.എ, തദ്ദേശ ജനപ്രതിനിധികൾക്ക് അനുവദിക്കുന്ന ഫണ്ട് ഇപ്പോൾ അൺപ്ലാൻഡായാണ് ഉപയോഗിക്കുന്നത്. ഈ പണം പ്രധാനപ്പെട്ട കേന്ദ്ര-സംസ്ഥാന പദ്ധതികൾക്കായി ചെലവഴിച്ചാൽ വൻവികസനം സാധ്യമാകും. മലിനീകരണപ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം. ഇതിനൊരു മോഡലുണ്ടാക്കാൻ യു.ഡി.എഫിനും എൽ.ഡി.എഫിനും കഴിഞ്ഞിട്ടില്ല. കോടിമതയിലെ മൊബിലിറ്റി ഹബ് കരഗതാഗതവും ജലഗതാഗതവും ഒന്നിക്കുന്ന വികസനപദ്ധതിയായിരുന്നു. പദ്ധതിക്ക് 170 ഏക്കർ സ്ഥലം ലഭ്യമാക്കി അഞ്ചു കോടി രൂപ അന്നത്തെ ധനമന്ത്രി കെ.എം.മാണി ബഡ്ജറ്റിൽ അനുവദിച്ചെങ്കിലും മുന്നോട്ടുപോയില്ല.

പിൽഗ്രിം ടൂറിസം നടപ്പാക്കണം

കോടിമതയിൽ നിന്ന് ചേർത്തലയിലേക്ക് 16 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമ്മിക്കാൻ സർവേ നടത്തിയിരുന്നു. കുമരകം ടൂറിസം വളർച്ചയ്ക്ക് ഏറെ സഹായകമായ പദ്ധതി നടപ്പാക്കണം.വാഗമൺ,ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, ടൂറിസം വികസനത്തിനൊപ്പം തങ്ങൾപാറ, കുരിശുമല, നാലമ്പലം എന്നിവ ചേർത്ത് പിൽഗ്രിം ടൂറിസം നടപ്പാക്കണം.

കോട്ടയത്തെ നോളഡ്ജ് ഹബാക്കി

വിദ്യാഭ്യാസ മേഖലയിൽ വൻ വികസനം കൊണ്ടുവരാൻ എം.പി എന്ന നിലയിൽ കഴിഞ്ഞു. ന്യൂജനറേഷൻ സിലബസ് കൊണ്ടുവരാൻ ഒരു സർവകലാശാലയും താത്പര്യം കാണിക്കാതിരുന്നിടത്താണ് കോട്ടയത്തെ നോളഡ്ജ് ഹബാക്കി മാറ്റാനായത് .ട്രിപ്പിൾ ഐ.ടി ഐ, സയൻസ് സിറ്റി, ഐ.ഐ.എം.സി, കടുത്തുരുത്തിയിൽ കേന്ദീയവിദ്യാലയം തുടങ്ങിയവ യാഥാർത്യമാക്കി.