മുണ്ടക്കയം: നാട്ടുകാരുടെ പ്രതിഷേധം കണ്ടെങ്കിലും ഈ റോഡൊന്ന് സഞ്ചാരയോഗ്യമാക്കണം.
വർഷങ്ങളായി തകർന്നുകിടക്കുന്ന കരിനിലം-പശ്ചിമ-കൊട്ടാരംകട റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആണ് നാട്ടുകാർ റോഡ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സംഘടിച്ച് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്രയും പോലും നശിച്ചിട്ടില്ലാത്ത സമീപ റോഡുകളെല്ലാം ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടും കരിനിലം-പശ്ചിമ-കൊട്ടാരംകട റോഡിനോട് അധികൃതർ കാണിക്കുന്നത് കടുത്ത അവഗണനയാണ്.
റോഡ് സംരക്ഷണസമിതി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച തേങ്ങ ഉടയ്ക്കൽ പ്രതിഷേധ പരിപാടിയിൽ
വ്യത്യസ്ത ചിന്തകളെല്ലാം മറന്ന് ആയിരക്കണക്കിന് നാട്ടുകാരാണ് അണിചേർന്നത്.
റോഡ് ആരംഭിക്കുന്ന കരിനിലം പോസ്റ്റ് ഓഫീസ് പടിക്കൽ സ്ഥലത്തെ മുതിർന്ന പൗര ഹൗവക്കുട്ടിയുമ്മ നാളികേരം ഉടച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ചെയർമാൻ സിനിമോൾ തടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമിതി കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, സെക്രട്ടറി അഖിലേഷ് എം. ബാബു, എം.എസ്. അഖിൽ, ബെന്നി ചേറ്റുകുഴി, കമ്മറ്റി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ തേങ്ങ ഉടയ്ക്കലിന് നേതൃത്വം നൽകി. റോഡ് കടന്നുപോകുന്ന വിവിധ ഭാഗങ്ങളായ 96 കവല, പ്ലാക്കപ്പടി, പന്തുകളം, തലനാട് കവല, പശ്ചിമ അങ്കണവാടി ജംഗ്ഷൻ, പശ്ചിമദേവീ ക്ഷേത്രം, പുതിയ കോളനി, 504 ടോപ്, വെള്ളാനിക്കവല, കൊട്ടാരംകട എന്നിവിടങ്ങളിലും വിവിധ ജനവാസ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ തേങ്ങയുടച്ച് പ്രതിഷേധിച്ചു. റോഡ് സഞ്ചാരയോഗ്യമാകും വരെ പ്രതിഷേധ പരിപാടികൾ തുടരുമെന്നും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ജനകീയ യോഗങ്ങൾ നടത്തുമെന്നും റോഡ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.