വൈക്കം: കാലത്തിന്റെ കാറ്റടിച്ചാണ് കായലിലെ ആ വിളക്കുമരം കണ്ണടച്ചത്. നല്ല കാലത്തിന്റെ ഓർമ്മയ്ക്കായെങ്കിലും അവിടെ ഒരിക്കൽക്കൂടി തിരിതെളിയാൻ കാത്തിരിക്കുകയാണ് ഒരുനാട് മുഴുവൻ.പൗരാണികതയുടെ മുഖമാണ് വൈക്കത്തിന്. അതിന്റെ നേർക്കാഴ്ചകൾ അതിപുരാനമായ മഹാദേവ ക്ഷേത്രത്തിന് പുറത്തേക്കും അവിടവിടെയായി ചിതറിക്കിടപ്പുണ്ട്. അതിലൊന്നാണ് ടി.വിപുരത്തെ വിളക്കുമാടത്തുരുത്ത്.
രാജഭരണകാലത്താണ് ടി.വി.പുരം ശ്രീരാമക്ഷേത്രത്തിന് സമീപം വേമ്പനാട്ടുകായലിൽ വിളക്കുമാടം സ്ഥാപിച്ചത്. കൊല്ലത്തിനും കൊച്ചിക്കുമിടയിൽ ചരക്ക് കയറ്റി സഞ്ചരിക്കുന്ന കെട്ടുവള്ളങ്ങളും യാത്രാവഞ്ചികളുമെല്ലാം സജീവമായിരുന്നു. കായലിലൂടെ കടന്നുപോകുന്ന ജലയാനങ്ങൾക്ക് രാത്രിയിൽ ദിശ അറിയാനായിരുന്നു വിളക്കുമാടം സ്ഥാപിച്ചത്. കായലിൽ കാറ്റും കോളുമുണ്ടാകുമ്പോൾ വള്ളം തീരത്തടുപ്പിച്ച് വിശ്രമിക്കാൻ വിശ്രമമുറിയും തേക്കിൻ തടിയിൽ തീർത്ത വിളക്കുമരവും ഉണ്ടായിരുന്ന ചെറുദ്വീപ് അങ്ങനെ വിളക്കുമാടത്തുരുത്തായി. ജലവിഭവ വകുപ്പിന്റെ അധീനതയിലാണ് ഇപ്പോൾ വിളക്കുമാടത്തുരുത്ത്. തുരുത്തിലേക്ക് കരയിൽ നിന്ന് നൂറ് മീറ്ററാണ് അകലം. നാല് പതിറ്റാണ്ട് മുൻപ് വരെ ഇവിടെ വിളക്ക് തെളിഞ്ഞിരുന്നു.
വിളക്കുമാടത്തുരുത്ത് : 12 പന്ത്രണ്ട് സെന്റ്
ഇപ്പോൾ എല്ലാം ജീർണ്ണതയിൽ
ഇപ്പോൾ വിശ്രമമുറിയും വിളക്കുമാടവുമൊക്കെ ജീർണ്ണതയിലാണ്.വിനോദസഞ്ചാര മേഖലയിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വിളക്കുമാടത്തുരുത്തും വിളക്കുമരവും പുനരുജ്ജീവിപ്പിക്കണമെന്നാണ് നാടിന്റെ ആവശ്യം. പി.ജെ.ജോസഫ് ജലവിഭവവകുപ്പ് മന്ത്രിയായിരുന്നപ്പോൾ വിളക്കുമാടത്തുരുത്ത് പുനരുദ്ധരിക്കുന്നതിനായി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതാണ്. പക്ഷേ തുടർനടപടികളൊന്നുമുണ്ടായില്ല.
നിവേദനത്തിൽ തുടർനടപടിയില്ല
വിളക്കുമാടത്തുരുത്ത് ടൂറിസംവകുപ്പ് ഏറ്റെടുക്കണമെന്നും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് ടി.വി.പുരം തയ്യിൽ ടി.ബി.മോഹൻദാസിന്റെ നേതൃത്വത്തിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നേരിട്ടും നവകേരളസദസിനും നിവേദനം നൽകിയിരുന്നു.
മന്ത്രിയുടെ ഓഫീസ് തുടർനടപടികൾ സ്വീകരിക്കാൻ ടൂറിസം ഡയറക്ടർക്ക് നിർദ്ദേശവും നൽകി. ടൂറിസം വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചെങ്കിലും പിന്നീടൊന്നുമുണ്ടായില്ല.
വിളക്കുമാടത്തുരുത്ത്
അസ്തമനത്തിന്റെ സുന്ദരദൃശ്യം ആസ്വദിക്കാം.
കായൽക്കാഴ്ചകൾ കാണാം.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം.
ആവശ്യങ്ങൾ
തുരുത്തിന് ചുറ്റും കല്ല് കെട്ടി സംരക്ഷിക്കണം.
വിളക്കുമരം പുനരുദ്ധരിക്കണം
സൗരോർജ്ജ റാന്തൽ വിളക്ക് സ്ഥാപിക്കണം.
കരയിൽ നിന്ന് തൂക്കുപാലം നിർമ്മിക്കണം.
സന്ദർശകർക്കായി സൗകര്യങ്ങളൊരുക്കണം.
വിളക്കുമാടത്തുരുത്ത് വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയാൽ ടി.വി.പുരത്തിന്റെ വികസനസാദ്ധ്യതകൾ വർദ്ധിക്കും. വിഷയത്തിൽ എം.എൽ.എയുടെ ഇടപെടൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ടി.ബി.മോഹൻദാസ്