കോട്ടയം: മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ ജില്ലയെ ഒന്നാമതെത്തിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗത്തിൽ ധാരണയായി. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ 2023-2024 വർഷത്തെ പ്രവർത്തനാവലോകനവും നടന്നു. ഹരിത കർമ്മസേനയുടെ പ്രവർത്തനം, തദ്ദേശ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഹരിത മിത്രം ആപ്ലിക്കേഷന്റെ ഉപയോഗം തുടങ്ങിയ വിവിധ ഘടകങ്ങൾ അധികരിച്ചുള്ള വിലയിരുത്തലിൽ ഗ്രാമപഞ്ചായത്തുകളിൽ അയ്മനവും നഗരസഭകളിൽ ചങ്ങനാശേരിയും ഒന്നാം സ്ഥാനത്തെത്തി.