sh-junction-

ചങ്ങനാശേരി : കവിയൂർ റോഡിലൂടെ യാത്ര ചെയ്യുന്നവർ ഒന്നു കരുതിപ്പോകുന്നത് നല്ലതാണ്. എപ്പോഴാ അപകടം സംഭവിക്കുകയെന്ന് പറയാനൊക്കില്ല. അത്രയ്ക്ക് തകർന്ന് തരിപ്പണമായി കിടക്കുകയാണ് കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കവിയൂർ റോഡ്. പെരുന്നയിൽ നിന്ന് ആരംഭിച്ച് തോട്ടഭാഗത്ത് എത്തി അവസാനിക്കുന്ന റോഡിന് 13.3 കിലോമീറ്ററാണ് ദൈർഘ്യം. വാഹനങ്ങളിലും, നടന്നും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് റോഡ്. ദീർഘ നാളുകളായി ഇതുവഴിയുള്ള യാത്ര ദുരിതത്തിലായിട്ട്. എം.സി റോഡ് പോലെ തന്നെ ഏറെ പ്രധാനപ്പെട്ട റോഡാണ് ചങ്ങനാശേരി-കവിയൂർ റോഡ്. ശബരിമല തിർത്ഥാടകരുടെ പ്രധാന ആശ്രയമായ റോഡ് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. നാല് പഞ്ചായത്തിനെയും ചങ്ങനാശേരി നഗരസഭയെയും ബന്ധിപ്പിക്കുന്ന റോഡും കൂടിയാണ്. 12 മീറ്റർ വീതിയിൽ സ്ഥലമെടുത്ത് ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തേണ്ട പലയിടത്തും 10 മീറ്റർ മാത്രമേ വീതിയുള്ളു. ഇതിൽ 7 മീറ്റർ ടാറിംഗ് കഴിഞ്ഞാൽ ബാക്കിയുള്ളവ നടപ്പാത, ഓട, ബസ്‌ബേ, പാർക്കിംഗ് എന്നിവയ്ക്കാണ്. തൃക്കൊടിത്താനം മുക്കാട്ടുപടി ഭാഗത്ത് ചില വീടുകളുടെ മതിലുകൾ പൊളിച്ച് റോഡിന് വീതി കൂട്ടിയെങ്കിലും ഇരൂപ്പ മുതൽ കവിയൂർ തുടങ്ങുന്ന പെരുന്ന രാജേശ്വരി ജംഗ്ഷൻ വരെ സ്ഥലം ഇതുവരെ ഏറ്റെടുത്തില്ല. ഇവിടെ വീതി കുറവാണ്. ബൈപാസ് ഉള്ളതിനാൽ എസ്.എച്ച്. ജംഗ്ഷനിൽ മാത്രം അല്പം വീതി ഉള്ളതൊഴിച്ചാൽ ഒരിടത്തും കാര്യമായ വീതിയില്ല. വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി വാഹനങ്ങൾ പോകുന്നത്. കെ.എസ്.ടി.പി.യാണ് റോഡ് നിർമാണം നടത്തിയത്. വീതി കുറവും റോഡിലെ കുഴികളും മൂലം അപകടങ്ങൾ പതിവാണ്. സ്‌കൂളുകൾ തുറന്നതോടെ കൂടുതൽ തിരക്കാണ് റോഡിൽ അനുഭവപ്പെടുന്നത്.


വള്ളം വാങ്ങേണ്ടി വരും

മഴ പെയ്താൽ കടകൾ അടയ്‌ക്കേണ്ട ഗതികേടിലാണ് കവിയൂർ റോഡിൽ ഉദയഗിരി ഭാഗത്തെ ഒരു പറ്റം വ്യാപാരികൾ. വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ റോഡിലെ കുഴികളിൽ നിന്നും ചെളിവെള്ളം സമീപത്തെ കടകളിലേക്കു അടിച്ചു കയറും. ഗതാഗതക്കുരുക്കും പ്രദേശത്ത് രൂക്ഷമാണ്. ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയുന്നതും വെള്ളം കയറി നിന്നുപോകുന്നതും പതിവ് സംഭവം.


ചങ്ങനാശേരിയിൽ നിന്ന് കവിയൂർ റോഡിലൂടെ ഓട്ടം വിളിച്ചാൽ പോകാൻ മടിക്കുകയാണ്. കാരണം ഓട്ടം പോയി തിരികെ വരുമ്പോൾ എന്തെങ്കിലും പണി വണ്ടിക്ക് ഉണ്ടാകും. അത്ര ദുർഘടമാണ് യാത്ര. ജീവിക്കാൻ മറ്റു മാർഗം ഇല്ലാത്തതു കൊണ്ട് ദുരിതം പേറുകയാണ്.

രാജേഷ്,​ ഓട്ടോറിക്ഷ ഡ്രൈവർ.


സ്ഥിരമായി ബൈക്ക് യാത്ര ചെയ്താണ് കവിയൂർ റോഡിലൂടെ പോകുന്നത്. ചങ്ങനാശേരി മുതൽ പായിപ്പാട് വരെ എത്ര കുഴികൾ ഉണ്ടെന്ന് എണ്ണിപ്പറയാൻ കഴിയില്ല. അതു പോലെ വലുതും ചെറുതു മായ കുഴികൾ റോഡിലുണ്ട്. രാത്രിയിൽ എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റ് കൂടുതൽ അപകടം ഉണ്ടാക്കും.

വി. സുഭാഷ്,​ പായിപ്പാട്.