കുമരകം : റോഡൊന്ന് നന്നാക്കിത്തരാൻ പറഞ്ഞ് നാട്ടുകാർ ആരുടെയൊക്കെ കാലു പിടിക്കണം. എല്ലാത്തിനും ഒരു പരിധിയില്ലേ... ഗതികെട്ട് അവസാനം നാട്ടുകാർ സംഘടിച്ച് റോഡ് നന്നാക്കി.
കുമരകം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തകർന്ന് കിടന്ന വായനശാല കാലുതറ മാരാച്ചേരി റോഡാണ് പ്രദേശവാസികൾ ചേർന്ന് പണം സ്വരൂപിച്ച് സഞ്ചാര യോഗ്യമാക്കിയത്.
വായനശാല പാലത്തിനും മാരാച്ചേരിക്കും ഇടയിലുള്ള ഭാഗത്ത് കുഴികളിലും വെള്ളക്കെട്ടിലും പാറമക്കിട്ട് നികത്തി. റോഡ് ഇതുപോലെ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ചെറിയ കുഴികളായിരുന്നത് കാലങ്ങൾ കഴിഞ്ഞപ്പോൾ വലുതായി. ചില കുഴികളിൽ വെള്ളം മുട്ടറ്റം വരെയായി. സ്‌കൂളിലേക്ക് പോകുന്ന ചെറിയ കുട്ടികളെ എടുത്ത് മറുവശം കടത്തിയാണ് രക്ഷിതാക്കൾ കൊണ്ടുപോകുക. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽവീണ് അപകടവും പതിവായി. ഓട്ടോറിക്ഷകൾ പോലും വരാതായത് രോഗികൾ അടക്കമുള്ളവർ വലയുന്ന അവസ്ഥയിലും എത്തിയിരുന്നു. വാർഡ് മെമ്പറായ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതി പറഞ്ഞും, പരാതി നൽകിയും മടുത്തു. എന്നിട്ടും വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ പണം സ്വരൂപിച്ച് റോഡ് നന്നാക്കിയത്. വായനശാല പാലത്തിനും മാരാച്ചേരിക്കും ഇടയിലുള്ള ഭാഗത്തെ വലിയ കുഴികളിൽ പാറമക്ക് ഇട്ട് നികത്തി വെള്ളക്കെട്ടിന് താൽക്കാലികമായ പരിഹാരം സമീപവാസികൾ ചേർന്ന് കണ്ടെത്തിയിരിക്കുകയാണ്.