കടുത്തുരുത്തി : എല്ലാം സഹിച്ചല്ലേ പറ്റൂ. രാവിലെ 9 ന് വന്നതാ. എന്നിട്ടും ഇരിക്കാൻ ഒരു കസേര പോലുമില്ല. ഈ കുടുസ് മുറിയിൽ നിന്ന് ഉരുകിയൊലിക്കുകയാണ്. കടുത്തുരുത്തി സബ് ട്രഷറിയിലെത്തുന്ന പെൻഷൻകാർക്ക് പറയാൻ ആവലാതികൾ മാത്രമേയുള്ളൂ. ദിനംപ്രതി നൂറുകണക്കിന് ആളുകളെത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പേരിന് മാത്രമാണ്. ഒന്നാം തീയതികളിലാണ് സ്ഥിതി രൂക്ഷം. ജീവനക്കാർ ആവശ്യത്തിനുണ്ടെങ്കിലും സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം. നിന്നുതിരിയാൻ ഇടമില്ലാത്തയിടത്ത് ആകെയുള്ളത് മൂന്ന് ബെഞ്ചും, പത്തിൽത്താഴെ കസേരകളുമാണ്. പലരും രാവിലെ തന്നെ വന്ന് സ്ഥാനമുറപ്പിക്കും. തീർത്തും അവശരായി ഓട്ടോയിലും, കാറിലുമൊക്കെ വരുന്നവർ പെൻഷൻ ബുക്ക് വച്ചിട്ട് വഴിയിൽ കാത്തിരിപ്പാണ്. പേര് വിളിക്കാൻ തുടങ്ങിയാൽ പിന്നെ കൂട്ടത്തിരക്കാണ്. പലപ്പോഴും ജീവനക്കാർ ഇടപെട്ട് നിയന്ത്രിക്കുന്നതും കാണാം.
വീതി കുറഞ്ഞ റോഡ്
പൊതുവെ വീതി കുറഞ്ഞ റോഡിലാണ് ട്രഷറി സ്ഥിതി ചെയ്യുന്നത്. രണ്ടു വലിയ വാഹനങ്ങൾക്ക് ഒരുമിച്ച് കടന്നുപോകാൻ പ്രയാസമാണ്. എന്നിട്ടും സദാസമയം തിരക്കാണ്. റോഡ് കുറുകെ കടക്കലാണ് മറ്റൊരു വെല്ലുവിളി. ട്രഷറി കെട്ടിടം കൂടുതൽ സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മിനി സിവിൽ സ്റ്റേഷനടക്കം വന്നിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല.