പാലാ: ഓർമ്മ ഇന്റർനാഷണൽ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ) ടാലന്റ് പ്രൊമോഷൻ ഫോറം സംഘടിപ്പിക്കുന്ന ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ സീസൺ 2 ഗ്രാൻഡ് ഫിനാലെ 12,13 നും പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോർട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ടാലെന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി.ജെ ജോസ് എന്നിവർ അറിയിച്ചു. 60 പേരാണ് ഗ്രാൻഡ് ഫിനാലേയിൽ പങ്കെടുക്കുന്നത്. മലയാളം (ജൂനിയർ,സീനിയർ), ഇംഗ്ലീഷ് (ജൂനിയർ,സീനിയർ) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരം. ഗ്രാൻഡ് പ്രൈസായ 'ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ 2024' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാർഡും പ്രശസ്തിപത്രവും ലഭിക്കും. ആകെ പത്ത് ലക്ഷം രൂപ വിജയികൾക്കായി സമ്മാനിക്കും. 12ന് രാവിലെ 11ന് മത്സരാർത്ഥികൾക്കുള്ള പരിശീലനവും മത്സരത്തിന്റെ ആദ്യ ഭാഗങ്ങളും നടക്കും. 13 ന് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്യും. ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയാകും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് രാജൻ, മെന്റലിസ്റ്റ് നിപിൻ നിരവത്ത്, സിനിമാതാരം മിയ എന്നിവർ അതിഥികളാകും.