കുമരകം: കോട്ടയം - കുമരകം റാേഡിൽ പള്ളിച്ചിറ ഭാഗത്ത് റോഡിലേയ്ക്ക് ചാഞ്ഞ മഴമരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി. കുമരകം പഞ്ചായത്ത് ഇടപെട്ടാണ് മരക്കൊമ്പുകൾ മുറിച്ചത്. വളർച്ചമുറ്റിയ മരം റോഡിലേയ്ക്ക് ചാഞ്ഞതോടെ വലിയ ശിഖരങ്ങൾ ഉൾപ്പെടെ 11 കെ.വി ലൈനിന് മുകളിലേക്ക് വീഴുമെന്ന അവസ്ഥയായിരുന്നു. ഇതേതുടർന്ന് അപകടസാധ്യത ചൂണ്ടിക്കാട്ടി മുമ്പ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മരത്തിന്റെ വേരുകൾ പലതും അഴുകിയനിലയിലാണ്. മഴക്കാലമായതോടെ മണ്ണ് അയഞ്ഞ് മരം മറിഞ്ഞു വീണ് അപകടങ്ങളുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് അടിയന്തിരമായി മരക്കൊമ്പുകൾ വെട്ടിയത്. ബോട്ടുജെട്ടി മുതൽ വെച്ചൂർ വരെ റോഡിന്റെ വശങ്ങളിൽ ഇപ്പോഴും ഭീഷണിയായുണ്ട്.
അപകട ഭീഷണിയുയർത്തി നിൽക്കുന്ന മഴമരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതരെ സമീപിച്ചപ്പോൾ റോഡ് വികസന പ്രവർത്തനങ്ങൾ കിഫ്ബിയ്ക്ക് കൈമാറിയതിനാൽ ഇടപെടാനാവില്ല എന്ന മറുപടിയാണ് അധികൃതർ നൽകിയതെന്ന് വാർഡ് മെമ്പർ ആർഷ ബൈജു പറഞ്ഞു.