kappadu-road

ർപൊൻകുന്നം: റോഡിന്റെ ആകെ ദൈർഘ്യം ആറു കിലോമീറ്റർ. ഒരു കിലോമീറ്റർ ദൂരം ഒഴിച്ച് ബാക്കി അഞ്ചു കിലോമീറ്റർ ഭാഗവും പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമായി. പൊൻകുന്നം-കപ്പാട് റോഡിന്റെ അവസ്ഥാണിത്. റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് തുടങ്ങിയിട്ട് നാളുകളായി. കാൽനടയാത്ര പോലും അസാദ്ധ്യമാം വിധം റോഡ് തകർന്നിരിക്കുന്നു. റോഡിന് ഇരുവശവും നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാർത്ഥികളും റോഡിന്റെ ദുരവസ്ഥ കാരണം കഷ്ടപ്പെടുകയാണ്. പ്രസിദ്ധമായ ദേവാലയങ്ങളിലേക്കുള്ള വഴികൂടിയാണിത്. നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിൽ 2023ലെ സംസ്ഥാന ബഡ്ജറ്റിൽ ഒരുകോടി രൂപ റോഡിന്റെ നവീകരണത്തിനായി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് റോഡിന്റെ തുടക്കം മുതലുള്ള ഒരു കിലോമീറ്റർ നന്നാക്കിയത്. തകർന്നുകിടക്കുന്ന ബാക്കി ഭാഗം എന്ന് നന്നാക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. 2024ലെ ബഡ്ജറ്റിൽ റോഡിനായി തുക അനുവദിക്കാതിരുന്നത് നാട്ടുകാരുടെ പ്രതീക്ഷ അസ്തമിക്കാനിടയാക്കി. റോഡിന്റെ ഒന്നാം ഘട്ടമാണ് നിലവിൽ പൂർത്തിയായതെന്നും ബാക്കി അടുത്ത ഘട്ടത്തിൽ പൂർത്തിയാക്കുമെന്നുമാണ് എം.എൽ.എ ഡോ.എൻ.ജയരാജ് പറഞ്ഞത്.