grill

പാലാ: നഗരത്തിൽ റിവർവ്യൂ റോഡിന് സമീപം ഓടയുടെ മുകളിൽ വിരിച്ചിരുന്ന ഇരുമ്പ് ഗ്രില്ലിനിടയിൽ കാൽ കുരുങ്ങി പതിനെട്ടുകാരി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടു. എന്നിട്ടും തുരുമ്പിച്ച ഗ്രില്ലുകൾ ഇപ്പോഴും അതേപടി തന്നെ. പേരിന് ഒരു വീപ്പ സ്ഥാപിച്ച് റിബൺ കെട്ടിയിട്ടുണ്ടെങ്കിലും ഇതൊന്നും അപകടം ഒഴിവാക്കാനുള്ള മാർഗമേയല്ല.

കഴിഞ്ഞ മാസം 14 നാണ് തരുമ്പിച്ച ഇരുമ്പ് ഗ്രില്ലിനിടയിൽ കാൽ കുരുങ്ങി കൊഴുവനാലുള്ള വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്. അന്ന് അവിടെയുണ്ടായിരുന്ന നഗരസഭയിലെ കുടുംബശ്രീ വനിതകളാണ് പരിക്കേറ്റ പെൺകുട്ടിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ കാലിലെ മുറിവിന് അഞ്ച് തുന്നൽ ഇടേണ്ടി വന്നു.

ഇതേ തുടർന്ന് സ്ഥലം സന്ദർശിച്ച നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തനും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും തുടർന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള എല്ലാവിധ മാർഗങ്ങളും സ്വീകരിക്കുമെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പ് അധികാരികളോട് അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചിരുന്നു.

പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് വസ്ത്രവ്യാപാരസ്ഥാപനത്തിന് സമീപത്തുകൂടി റിവർവ്യൂ റോഡിലേക്കുള്ള ലിങ്ക് റോഡ് റിവർവ്യൂ റോഡിൽ ചേരുന്നിടത്താണ് ഓടയുടെ ഇരുമ്പു മേൽമൂടി തകർന്നിരിക്കുന്നത്.

ഗ്രില്ല് മാറ്റി പുതിയത് സ്ഥാപിക്കണം: നഗരസഭാ കൗൺസിൽ

ഇന്നലെ ചേർന്ന പാലാ നഗരസഭ കൗൺസിൽ യോഗത്തിലും ഈ വിഷയം ഉയർന്നു. ഭരണപക്ഷത്തെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ടാണ് ഈ വിഷയം ഉന്നയിച്ചത്. ഏറെ അപകടകരമായ ഈ ഗ്രില്ലുകൾ എത്രയും വേഗം മാറ്റണമെന്ന സാവിയോയുടെ ആവശ്യത്തോട് പ്രതിപക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും പൂർണ്ണ പിന്തുണ നൽകി. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഷാജു വി. തുരുത്തൻ കൗൺസിലിനെ അറിയിച്ചു.

രണ്ടാഴ്‌ചക്കുള്ളിൽ നടപടി സ്വീകരിക്കും

ഇരുമ്പ് ഗ്രില്ലുകൾ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടികൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി. റോഡ്‌സ് ഡിവിഷൻ (പാലാ) അധികാരികൾ പറഞ്ഞു. വേറെ വർക്കിൽ ഉൾപ്പെടുത്തി പുതിയ ഗ്രില്ല് സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും പി.ഡബ്ല്യു.ഡി. അധികാരികൾ പറഞ്ഞു.