ഇടപ്പാടി: ഒരുകാരണവശാലും ഞങ്ങൾ ഇത് അനുവദിക്കില്ല! ജനവാസ മേഖലയായ ഇടപ്പാടി അയ്യമ്പാറയിലേക്ക് കള്ള് ഷാപ്പ് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ കൈകോർക്കുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ നാട്ടുകാർ ജനകീയസമരവും നടത്തി. നൂറുകണക്കിന് വനിതകളും കുട്ടികളും പ്രായമായവരും സമരത്തിൽ പങ്കുചേർന്നു. ഇരുനൂറ് മീറ്റർ അകലെയുള്ള കള്ള് ഷാപ്പ് ജംഗ്ഷനിലെ കെട്ടിടത്തിലേക്ക് മാറ്രാനുള്ള നീക്കത്തിനെതിരെയാമ് നാട്ടുകാർ സംഘടിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ജനകീയ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ജോസുകുട്ടി അമ്പലമറ്റം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി റ്റി.ആർ.ശിവദാസ്, ബ്രാഞ്ച് സെക്രട്ടറി കൃഷ്ണൻ ഇലവനാൽ, ശ്രീജിത്ത് എസ്.പതിയിൽ, ആലീസ് കള്ളിക്കൽ, ഓമന അരീക്കൽ, ദേവയാനി കളരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
200 ലേറെ കുടുംബങ്ങൾ
പ്രദേശത്ത് ഇരുനൂറിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കള്ളുഷാപ്പ് മാറ്രിസ്ഥാപിക്കുന്നത് പ്രദേശത്ത് ക്രമസമാധാനപ്രശ്നം ഉണ്ടാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.