ചങ്ങനാശേരി : നഗരത്തിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നതിൽ ആശങ്ക. കഴിഞ്ഞ ദിവസങ്ങളിൽ നാലു പേരാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളിലും ഒട്ടേറെ പേർ ചികിത്സ തേടുന്നു. എന്നാൽ രോഗവ്യാപന സാധ്യതയില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവിഭാഗം പറയുന്നത്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലം സോണുകളായി തിരിച്ച് പരിസര ശുചീകരണം ആരംഭിച്ചെന്നും പറഞ്ഞു.


ജാഗ്രത വേണം

രോഗലക്ഷണം കണ്ടാൽ സ്വയം ചികിത്സ പാടില്ല. ആശുപത്രിയിൽ ചികിത്സ തേടണം.
കൊതുക് നശീകരണമാണ് പ്രധാനം.
കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും കൊതുകു വല കൊണ്ട് മൂടുക. വീടും പരിസരവും

വൃത്തിയായി സൂക്ഷിക്കണം.
വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.


ലക്ഷണം

പെട്ടന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പ്, ഛർദി.


പ്രതിരോധ നടപടികൾ ആരംഭിക്കണം

ഡെങ്കിപ്പനി പടരുന്നതിൽ അടിയന്തരമായ പ്രതിരോധ നടപടികൾ ആരംഭിക്കണമെന്ന് ചങ്ങനാശേരി മർച്ചന്റ് അസോസിയേഷൻ. മാർക്കറ്റ് പരിസരത്ത് ഡെങ്കിപ്പനി വ്യാപകമാണെന്നും കൊതുക് നശീകരണത്തിന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.


ഫോഗിങ്ങും, സ്‌പ്രെയിങ്ങും ആരംഭിച്ചു

ആദ്യഘട്ടത്തിൽ രോഗം സ്ഥിതീകരിച്ച ഫാത്തിമാപുരം ഭാഗത്ത് 10,11,12,13 വാർഡുകളിൽ വീടുകൾ സന്ദർശിച്ച് വേണ്ട ബോധവത്ക്കരണം നൽകിവരുന്നുണ്ട്. നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡുകളിൽ ഫോഗിങ്ങും, സ്‌പ്രെയിങ്ങും ആരംഭിച്ചിട്ടുണ്ട് എന്നും നഗരസഭാ അദ്ധ്യക്ഷ ബീനാ ജോബിയും ഉപാദ്ധ്യക്ഷൻ മാത്യൂസ് ജോർജ്ജും പറഞ്ഞു.