ചങ്ങനാശേരി : എ സി കനാൽ തുറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലയിലെ ജനങ്ങൾക്ക് ഒരു പോലെ പ്രയോജനം ചെയ്യുന്ന എ സി കനാൽ അടിയന്തരമായി തുറക്കണം എന്ന ആവശ്യമുന്നയിച്ച് ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ അവതരിപ്പിച്ച സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കുട്ടനാട്ടിലെ ജനങ്ങളുടെയും അപ്പർ കുട്ടനാട്ടിലെ ജനങ്ങളുടെയും നിരന്തരമായ ആവശ്യമാണ് എ സി കനാൽ തുറക്കണമെന്നുള്ളത്. ഒന്നാം കര മുതൽ നെടുമുടി വരെയുള്ള ഭാഗം തുറന്നാൽ അത് കുട്ടനാട്ടിലെ ജനങ്ങൾക്കും അപ്പർ കുട്ടനാട്ടിലെ ജനങ്ങൾക്കും പ്രത്യേകിച്ച് ചങ്ങനാശേരി തിരുവല്ല തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്കും നെൽകർഷകർക്കും ഏറെ ഗുണകരമാകും എന്നും ഈ മേഖലയിലെ കാർഷികരംഗം അഭിവൃദ്ധിപ്പെടുമെന്നും ഒരു പരിധിവരെ പ്രളയഭീതി ഒഴിവാക്കാൻ സാധിക്കുമെന്നും എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.