പാലാ: ടൗൺ ബസ് സ്റ്റാൻഡിലെ കുഴികൾ ഉടൻ നികത്തുമെന്ന് നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു. തൽക്കാലം പാറമക്ക് ഇട്ടാണ് കുഴികൾ നികത്തുന്നത്. മഴക്കാലം മാറിയാലുടൻ ടാറിംഗ് നടത്തുമെന്നും ഇതിനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും ചെയർമാൻ വിശദീകരിച്ചു.
ഇന്നലെ ടൗൺ ബസ് സ്റ്റാൻഡിലെത്തി ശോച്യാവസ്ഥകൾ നേരിട്ട് മനസിലാക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു ചെയർമാൻ. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ടൗൺ വാർഡ് കൗൺസിലർ ബിജി ജോജോ എന്നിവരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു. സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾ തകർന്നത് പുനർനിർമ്മിക്കാനും നടപടികൾ സ്വീകരിക്കും. ശോച്യാവസ്ഥയിലുള്ള വെയ്റ്റിംഗ് ഷെഡിന്റെ കാര്യത്തിൽ കൗൺസിൽ യോഗം കൂടിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു. സ്റ്റാൻഡിലെ യാത്രക്കാരിൽ നിന്നും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചെയർമാൻ ചോദിച്ച് മനസിലാക്കി.
സ്റ്റാൻഡ് ആകെ ശോച്യാവസ്ഥയിൽ
കുളംപോലെ വെള്ളം കെട്ടിക്കിടക്കുന്ന ഗർത്തങ്ങൾ ഉള്ള ടൗൺ ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥയെക്കുറിച്ച് മാസങ്ങൾക്ക് മുന്നേ ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു. ബസുകൾ പോകുമ്പോൾ വലിയ കുഴികളിൽ ചാടി യാത്രക്കാരുടെ ദേഹത്തേക്കും വസ്ത്രങ്ങളിലേക്കും ചെളിവെള്ളം തെറിക്കുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ടൗൺ വാർഡ് കൗൺസിലർ ബിജി ജോജോയും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലും ആവശ്യപ്പെട്ടിരുന്നു.
ടൗൺ ബസ് സ്റ്റാൻഡിൽ ടാക്‌സി സ്റ്റാൻഡിനോട് ചേർന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ഇതിനായി ജോസ് കെ. മാണി എം.പി.യുടെ എം.പി. ഫണ്ടിൽ നിന്നും തുക ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
-ഷാജു വി. തുരുത്തൻ
നഗരസഭ ചെയർമാൻ