പാലാ: നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ ഇനി പൊതുജനങ്ങൾക്കും വ്യായാമ നടത്തം അനുവദിക്കും. ഇതിനായി അപേക്ഷ സമർപ്പിച്ചവർക്ക് ഫോട്ടോ പതിച്ച ഐഡന്റിറ്റി ടാഗ് ഇന്നലെ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ വിതരണം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി നടപ്പ് വ്യായാമത്തിനുള്ള നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു.
ഒരാൾക്ക് ഒരു വർഷം മുഴുവൻ നടപ്പുവ്യായാമത്തിന് 1600 രൂപയും, താത്കാലിക ആവശ്യക്കാർക്ക് ഒരു മാസത്തേക്ക് 150 രൂപ നിരക്കിലും പാസ് നൽകും. ഇത്തരം പാസുകൾക്ക് 200 രൂപ വേറെയും നൽകണം. ആവശ്യക്കാർ ഓരോ വർഷവും ഫീസ് പുതുക്കി നൽകണം. സ്റ്റേഡിയത്തിൽ നിരന്തരം പരിശോധനയും ഉണ്ടായിരിക്കും.
സോജൻ വർഗീസിന് നടപ്പുവ്യായാമ ടാഗ് നൽകിക്കൊണ്ട് ചെയർമാൻ ഷാജു വി. തുരുത്തൻ നടപ്പുവ്യായാമ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാ കലാ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസലർമാരായ ജോസിൻ ബിനോ, സതി ശശികുമാർ, ജോസ് ചീരാംകുഴി, ബിജി ജോജോ എന്നിവരും രൂപേഷ്, റ്റിൻസ്‌മോൻ എന്നിവരും പങ്കെടുത്തു.